ചാത്തന്നൂര്‍:ചിറക്കരയില്‍ തെരുവ്‌നായ് ആക്രമണത്തിന് അറുതിയില്ല.കോഴിക്കൂടുകള്‍ തകര്‍ത്തു തെരുവ് നായ്ക്കള്‍ കൂട്ടില്‍ കയറി കോഴികളെ കടിച്ചുകൊന്നു തിന്നുന്നത് നിത്യസംഭവമായിമാറി. ചിറക്കര ഒഴുകുപാറ ഗോവിന്ദവിലാസത്തില്‍ രമണിയുടെ കോഴിക്കൂട് തകര്‍ത്തു കൂട്ടില്‍ കയറി ഒന്‍പതോളം കോഴികളെയാണ് തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്.
കഴിഞ്ഞ ദിവസം സന്ധ്യയോടെ ആയിരുന്നു തെരുവ് നായ്ക്കളുടെ ആക്രമണം.ശബ്ദം കേട്ട് ഓടിച്ചെന്ന വീട്ടമ്മ രമണിയേയും മക്കളെയും തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ മുതിര്‍ന്നു. ഇത് കണ്ട് നാട്ടുകാര്‍ ഓടികൂടിയെങ്കിലും കോഴികളെ കടിച്ചു പിടിച്ചുകൊണ്ട് തെരുവ് നായ്ക്കള്‍ ഓടി മറഞ്ഞു. കഴിഞ്ഞ ദിവസം ചിറക്കരത്താഴത്ത് ബിജിത്ത് ഭവനില്‍ സുധര്‍മണിയുടെ വീടിനോട് ചേര്‍ന്നുള്ള കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ എന്‍പതോളം കോഴികളെയാണ് ഇരുപതോളം വരുന്ന തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി കടിച്ചുകൊന്നത്.
ഇരുമ്പ് വലകൊണ്ട് നിര്‍മ്മിച്ച കൂടാണ് തെരുവ് നായ്ക്കള്‍ ആക്രമണത്തില്‍ തകര്‍ത്ത് അകത്ത് കടന്നത്. നെടുമ്പനയില്‍ മൂന്നുപേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു.നിരവധി പേര്‍ക്ക് പരിക്കേറ്റു .ചിറക്കര ഒഴുകുപാറയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ഭീഷണിക്കെതിരെ നിരവധിതവണ പരാതിപ്പെട്ടിട്ടും വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ഉള്‍പ്പടെയുള്ള യാത്രക്കാര്‍ ഭീതിയിലാണ്.