ചെങ്ങന്നൂരിലെയും കായംകുളത്തെയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കുരുക്കഴിക്കാനാകാതെ സിപിഎം

ALP-CPIMആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍, കായംകുളം നിയോജക മണ്ഡലങ്ങൡലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനാകാതെ സിപിഎം കുഴങ്ങുന്നു.   നാളെ സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ധാരണയാകാന്‍ സാധ്യതയുണ്ട്. കായംകുളത്ത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരിയെ സ്ഥാനാര്‍ഥിയാക്കണമെന്നതാണ് ഔദ്യോഗിക പക്ഷത്തെ ജി. സുധാകരന്‍ വിഭാഗത്തിന്റെ നിലപാട്.

എന്നാല്‍ ഇതിനെതിരെ വി.എസ്.- ഐസക് വിഭാഗവും ഔദ്യോഗിക പക്ഷത്തെ ഒരു വിഭാഗവും ഉറച്ചുനില്ക്കുകയാണ്. പ്രതിഭാഹരിക്ക് പകരം പരിഗണിച്ച രജനി ജയദേവിനെ തര്‍ക്കം മൂലവും പ്രാദേശികമായ എതിര്‍പ്പുമൂലവും പട്ടികയില്‍ നിലനിര്‍ത്താന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ചെങ്ങന്നൂരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനാര്‍ഥിയാകണമെന്നതായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാടെങ്കിലും പാര്‍ട്ടി സെക്രട്ടറിമാര്‍ മത്സരിക്കേണ്ടെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തതോടെ ചെങ്ങന്നൂരില്‍ കെ.കെ. രാമചന്ദ്രന്‍ നായരെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചെങ്ങന്നൂരില്‍ നടന്ന കേരള യൂണിവേഴ്‌സിറ്റി കലോത്സവ ഉദ്ഘാടന വേദിയില്‍ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഈ തീരുമാനം പരസ്യമായി പറയുകയും ചെയ്തു. തൊട്ടടുത്ത ദിവസം ജില്ലാ സെക്രട്ടറിയുടെ ഈ നടപടിക്കെതിരെ വ്യാപകമായ പോസ്റ്റര്‍ പ്രതിഷേധം ചെങ്ങന്നൂരില്‍ ഉണ്ടായിരുന്നു. ജില്ലയിലെ മറ്റു മണ്ഡലങ്ങളില്‍ വിജയസാധ്യത പരിഗണിച്ച് രണ്ടുതവണയില്‍ കൂടുതല്‍ മത്സരിച്ച എംഎല്‍എ മാര്‍ക്ക് അവസരം നല്കുമ്പോള്‍ സി.കെ. സദാശിവനെ പരിഗണിക്കാത്തതിലും ചെങ്ങന്നൂരില്‍ ജില്ലയിലെ മുതിര്‍ന്ന വനിതാ നേതാവായ സി.എസ്. സുജാതയെ പരിഗണിക്കാത്തതിലും വി.എസ്. പക്ഷത്തിന് ശക്തമായ എതിര്‍പ്പുണ്ട്.

ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരു വനിതയെ കായംകുളത്ത് സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയുള്ള ഈ നീക്കം നാളെ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ അവതരിപ്പിക്കപ്പെട്ടേക്കും.  ജില്ലയിലെ മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി കഴിഞ്ഞപ്പോഴും കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം ജില്ലാ നേതൃത്വം കൈകാര്യം ചെയതതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.

Related posts