കോട്ടൂർ: ചാത്താൻ കിളങ്ക് എന്ന് ആദിവാസികൾ വിളിക്കുന്ന അപൂർവ ഔഷധസസ്യമായ ആരോഗ്യപച്ചയെ ലോകത്തിന് കാട്ടിക്കൊടുത്ത കോട്ടൂർ ചോനംപാറ ഉന്നതിയിൽ കുട്ടിമാത്തൻകാണി (68) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കേ ഇന്നലെയാണ് അന്ത്യം സംഭവച്ചിത്.
പശ്ചിമഘട്ട മലഞ്ചെരുവുകളിൽമാത്രം വളരുന്ന ആരോഗ്യപ്പച്ചയുടെ ഔഷധഗുണം പുറംലോകം അറിഞ്ഞിത് അഗസ്ത്യമലയിലെ കാണിസമുദായത്തിൽപ്പെട്ട കുട്ടിമാത്തൻ കാണി വഴിയാണ്. അഗസ്ത്യമലയുടെ താഴ്വാരത്തുള്ള കാണിക്കാർ എന്ന ആദിവാസി സമൂഹത്തിന്റെ സഹായത്തോടെയാണ് 1987ൽ ആരോഗ്യപ്പച്ചയെന്ന (ട്രൈക്കോപ്പസ് സൈലാനിക്കസ് ട്രാവൻകൂറിക്കസ്) അത്ഭുത സസ്യത്തിന്റെ ഔഷധഗുണം ഗവേഷകർ കണ്ടെത്തിയത്. അതിന് നേതൃത്വം നൽകിയതാകട്ടെ കോട്ടൂർ ചോനാംപാറ വനമേഖലയിലെ കുട്ടിമാത്തൻകാണിയും.
മിറാക്കിൾ ഹെർബ് (അത്ഭുതസസ്യം) എന്ന പേരിൽ ടൈം മാഗസിന്റെ കവർ പേജിൽ പോലും നിറഞ്ഞുനിന്നിരുന്നു കുട്ടിമാത്തൻകാണി. കുട്ടിമാത്തൻ കാണിക്കാരുടെ നാവായിരുന്നു. വനം വകുപ്പിന്റെ കാട്ടുനിയമങ്ങളോട് അദ്ദേഹത്തിന് എന്നും എതിർപ്പായിരുന്നു. പൊതു വിഷയങ്ങൾ കൃത്യമായി പഠിച്ച് ചടുല താളത്തിൽ അവതരിപ്പിക്കാൻ അമാനുഷിക ഓർമ ശക്തിയും കഴിവുമുള്ളയാളായിരുന്നു കുട്ടിമാത്തൻകാണി. 2002ൽ ജോഹന്നാസ് ബർഗിൽ നടന്ന ഭൗമ ഉച്ചകോടിയിൽ ആദിവാസി സമൂഹത്തിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്ത് ആദരവും നേടിയിരുന്നു. കുട്ടിമാത്തൻകാണിയെ സാൻഫ്രാൻസിസ്കോയിൽ നടന്ന ശാസ്ത്രസംഗമത്തിൽ ക്ഷണിച്ച് ആദരിച്ചത് അന്നത്തെ വാർത്തയായിരുന്നു.
അഗസ്ത്യാർകൂട മലനിരയിലെ ഈ ആരോഗ്യപ്പച്ചയ്ക്ക് രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനാകുമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തി. സമുദ്രനിരപ്പിൽനിന്ന് 9000 മീറ്റർ മുകളിൽമാത്രം വളരുന്ന ഈ സസ്യം പശ്ചിമഘട്ട വനമേഖലയിലേ വളരാറുള്ളൂ. പുറത്ത് കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ച് വളർത്തിയാലും സ്വാഭാവികഗുണങ്ങളിൽ വ്യത്യാസം വരുമെന്ന് ഗവേഷകർ പറയുന്നു. കുറ്റിച്ചെടിയായിമാത്രം വളരുന്ന ഇതിന്റെ കുരിന്നിലയും പാകമാകാത്ത കായുമാണ് കൂടുതൽ ഗുണം തരുന്നത്.
പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻടിബിജിആർഐ) ആരോഗ്യപ്പച്ചയിലെ പന്ത്രണ്ട് രാസഘടകങ്ങൾ വേർതിരിച്ച് പഠനങ്ങളും നടത്തിയിരുന്നു. ഇവയുടെ ഇലയിലും വിത്തിലും ഹൃദ്രോഗത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള സാപോണിൻ എന്ന രാസപദാർഥം ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇലകളിൽ ഫ്ലാവനോയിഡ് ഗ്ളൈക്കോസിഡും ഗ്ളൈക്കോലിപ്പിഡുകളുമുണ്ടെന്ന് കണ്ടെത്തി. ഇവയെല്ലാം രോഗപ്രതിരോധ ശേഷിയുള്ള രാസപദാർഥങ്ങളാണ്. ആരോഗ്യപ്പച്ചയെ ഉപയോഗിച്ച് പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻടിബിജിആർഐ) ആര്യവൈദ്യഫാർമസിയുമായി ചേർന്ന് ജീവനി എന്ന മരുന്ന് നിർമിക്കുകയും ലാഭവിഹിതം കാണിക്കാർക്ക് നൽകുകയും ചെയ്തു. ഇത് പിന്നീട് എബിഎസ് കാണി മോഡൽ (ആക്സസ് ആൻഡ് ബെനഫിറ്റ് ഷെയറിംഗ്) എന്ന പേരിൽ ലോകപ്രശസ്തമായി. നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു.
2022ൽ നാഞ്ചിയമ്മയുടെ സാന്നിധ്യത്തിൽ മിർസ മുണ്ടയുടെ പേരിലുള്ള പുരസ്കാരം നൽകി കുട്ടിമാത്തൻകാണിയെ ആദരിച്ചിരുന്നു.
ഭാര്യ: വസന്ത. മക്കൾ: സുഭാഷിണി, സുരഭി, സുദർശിനി, സുഗതകുമാരി.