ചെങ്ങന്നൂര്‍-തിരുവല്ല പാത കമ്മീഷനിംഗിനൊരുങ്ങുന്നു; സുരക്ഷാ കമ്മീഷണറുടെ പരിശോധന ഈയാഴ്ച

alp-railthiruvellaതിരുവല്ല: ചെങ്ങന്നൂര്‍-തിരുവല്ല ഇരട്ട റെയില്‍പ്പാതയില്‍ റെയില്‍വേ മുഖ്യസുരക്ഷാ കമ്മീഷണര്‍ ഈയാഴ്ച പരിശോധന നടത്തും. എറണാകുളം പാതയില്‍ പിറവം വരെയുള്ള ഇരട്ടപ്പാതയുടെയും തിരുവല്ല-ചെങ്ങന്നൂര്‍ പാതയുടെയും പരിശോധന അടുത്തടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. പാതകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഓണത്തിനു മുമ്പായി ഇരട്ടപ്പാതകളില്‍ തീവണ്ടി ഓടിക്കാനാകുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരില്‍നിന്ന് തിരുവല്ല വരെ ഒമ്പത് കിലോമീറ്റര്‍ പാതയാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. നാലു വര്‍ഷം കൊണ്ടാണ് പണികള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ കായംകുളം-കോട്ടയം- എറണാകുളം പാതയില്‍ തിരുവല്ല വരെ ഇരട്ടപ്പാതയാകുകയാണ്.

രണ്ടാംപാതയിലെ വൈദ്യുതീകരണം അടക്കമുള്ള സാങ്കേതിക ജോലികള്‍ പൂര്‍ത്തീകരിച്ചു. അവസാനഘട്ട പരീക്ഷണമാണ് ഇനി നടക്കാനുള്ളത്. കഴിഞ്ഞ ജൂണ്‍ 21ന് ഡീസല്‍ എന്‍ജിന്‍ പാതയില്‍ വിജയകരമായി ഓടിച്ചിരുന്നു. ട്രാക്ക് പരിശോധിച്ച് സുരക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കില്‍ മാത്രമേ യാത്രാവണ്ടികള്‍ ഓടിക്കാനുള്ള തീയതി നിശ്ചയിക്കാനാകൂ. ചരക്ക് വണ്ടികളും പിന്നീട് യാത്രാവണ്ടികളും പരീക്ഷണാടിസ്ഥാനത്തില്‍ കടത്തിവിടും. ഇതു വിജയകരമെന്നു കണ്ടാല്‍ മാത്രമേ പാതയുടെ കമ്മീഷനിംഗ് തീരുമാനിക്കുകയുള്ളൂ.

പൂര്‍ത്തിയാകുന്ന പാതയിലെ ഏഴ് കിലോമീറ്ററും പത്തനംതിട്ട ജില്ലയിലാണ്. അടിപ്പാതകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് ലെവല്‍ക്രോസുകള്‍ പുനര്‍നിര്‍മിച്ചുകൊണ്ടാണ് പാത പൂര്‍ത്തീകരിച്ചിരിക്കുന്നത്. കല്ലിശേരി -ഓതറ റോഡിലുള്ള പമ്പ, പ്രാവിന്‍കൂട്-ഓതറ റോഡിലുള്ള തൈമറവുംകര, കുറ്റൂര്‍-വള്ളംകുളം റോഡിലെ കുറ്റൂര്‍, ഇരുവെള്ളിപ്ര എന്നിവിടങ്ങളിലാണ് പുതിയ അടിപ്പാതകള്‍ നിര്‍മിച്ചത്. പമ്പാനദിക്കു കുറുകെ കല്ലിശേരിയിലും വരട്ടാറിലും മണിമലയാറിനു കുറുകെ കുറ്റൂരും വലിയ പാലങ്ങള്‍ പണിതു. കഴിഞ്ഞ മാര്‍ച്ചില്‍ പണികള്‍ പൂര്‍ത്തീകരിച്ച് പാത തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരുന്നതാണ്.

ഇരട്ടപ്പാതയോടൊപ്പം തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ രണ്ടു പുതിയ പ്ലാറ്റ്‌ഫോമുകള്‍ പുതുതായി നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ യാത്രാവണ്ടികള്‍ എത്തും. എന്നാല്‍, റൂഫിംഗ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. നാലാം നമ്പര്‍ പ്ലാറ്റ്‌ഫോം പണിതെങ്കിലും ചരക്കുവണ്ടികള്‍ക്കാണ് ഇതു മാറ്റിയിട്ടിരിക്കുന്നത്. പ്ലാറ്റ്‌ഫോമിലെ ട്രാക്കുകളുടെ നവീകരണവും പൂര്‍ത്തിയായി. പ്ലാറ്റ്‌ഫോം അടച്ചിട്ട് ലിങ്കിംഗ് ജോലികള്‍ അടക്കം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ഇരട്ടപ്പാത പൂര്‍ത്തീകരിക്കുന്നതോടെ തിരുവല്ല റെയില്‍വേ സ്‌റ്റേഷന്റെ പ്രാധാന്യവും വര്‍ധിക്കുകയാണ്.

Related posts