കോട്ടയം: ഓണത്തിരക്ക് തുടങ്ങിയതോടെ പാലായിലും സമീപ പ്രദേശങ്ങളിലും കള്ളനോട്ടുകള് വ്യാപകമാകുന്നു. 500 രൂപയുടെ കള്ളനോട്ടുകളാണ് പലപ്പോഴായി കടകളില് ലഭിച്ചത്.
ഇതോടെയാണ് സ്പെഷല് ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പാലാ സ്വകാര്യ ബസ് സ്റ്റാന്ഡിലെ ഒരു ലോട്ടറി ഏജന്സിയില് ടിക്കറ്റെടുക്കാന് വന്ന ഏജന്റ് കൊടുത്ത നോട്ടില് ഒരെണ്ണം കള്ളനോട്ടായിരുന്നു. അന്നുതന്നെ അവരുടെ ഹോള്സെയില് കടയിലും ടിക്കറ്റ് എടുക്കാന് എത്തിയ ഏജന്റ് ഇതേ നമ്പരിലുള്ള കള്ളനോട്ടു നല്കിയിരുന്നു.
തുടര്ന്നാണ് വ്യാപാരികള് ഉള്പ്പെടെയുള്ളവരും പെട്രോള് പമ്പിലെ ജീവനക്കാരും ജാഗ്രത പാലിച്ചുതുടങ്ങിയത്. കള്ളനോട്ടുകള് വിതരണം ചെയ്യുന്ന സംഘത്തില്പ്പെട്ടവര് ലോട്ടറി വില്പനക്കാരെയാണ് ലക്ഷ്യംവച്ചിരിക്കുന്നതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
തിരക്കേറുന്ന ഓണവിപണിയില് കൂടുതല് കള്ളനോട്ട് ഇറക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു സ്പെഷല് ബ്രാഞ്ചിന്റെ അന്വേഷണവും നിരീക്ഷണവും.