ധര്‍മശാല: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി ജംബോ പരിശീലനം. സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ ടീം ഇന്ത്യയുടെ പരിശീലകനായി നിയമിച്ചു. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കുറാണ് ഇന്നലെ ഇക്കാര്യം പ്രഖ്യാപിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരുടെ ഉന്നതാധികാര സമിതി നടത്തിയ അഭിമുഖത്തിലൂടെയായിരുന്നു പുതിയ പരിശീലകനെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനമാണ് കുംബ്ലെയുടെ ആദ്യ ചുമതല. ഒരു വര്‍ഷത്തേക്കാണ് കരാര്‍.
അനില്‍ കുംബ്ലെ, രവി ശാസ്ത്രി എന്നിവരായിരുന്നു മുഖ്യപരിഗണനയില്‍ ഉണ്ടായിരുന്നത്. കളിയിലെ പരിചയസമ്പത്തും താരങ്ങള്‍ക്കുള്ള ബഹുമാനവും അനില്‍ കുംബ്ലെയെ മുന്നിലെത്തിച്ചു. മാത്രവുമല്ല, സമിതി അംഗങ്ങളുടെ ഐകകണ്‌ഠ്യേനയുള്ള പിന്തുണയും കുംബ്ലെക്കു നേട്ടമായി. 2000ല്‍ കപില്‍ദേവ് സ്ഥാനമൊഴിഞ്ഞതിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍സമയപരിശീലകനാകുന്നത്. ഇന്ത്യക്കാരനോ വിദേശിയോ എന്നുള്ളതല്ല, മികച്ച പരിശീലകനെ തെരഞ്ഞെടുക്കാനാണു ബിസിസിഐ ശ്രമിച്ചതെന്നു പ്രസിഡന്റ് അനുരാഗ് ഠാക്കുര്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാനുതകുന്ന രീതിയുള്ള അവതരണമായിരുന്നു കുംബ്ലെയുടേതെന്ന് അനുരാഗ് പറഞ്ഞു. കുംബ്ലെയുടെ കഴിവിലും മികവിലും ബിസിസിഐ സമ്പൂര്‍ണവിശ്വാസം പുലര്‍ത്തുന്നതായി പറഞ്ഞ ഠാക്കുര്‍ കുംബ്ലെക്ക് എല്ലാ ആശംസയും നേര്‍ന്നു. ബൗളിംഗ്, ബാറ്റിംഗ് പരിശീലകരെ പിന്നീട് പ്രഖ്യാപിക്കും
ഇന്ത്യന്‍ ടീമിന്റെ പരിശീലകരാകാന്‍ 57 പേരുടെ അപേക്ഷകള്‍ ലഭിച്ചു. ഇതില്‍നിന്ന് ഗാംഗുലിയും ലക്ഷ്മണുമടങ്ങിയ സമിതി 21 പേരുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. അവസാന പട്ടികയില്‍ ഇടം നേടിയ പത്തുപേരുടെ അഭിമുഖം നടത്തി. ഓരോരുത്തരും പരിശീലകരായാല്‍ എന്തൊക്കെ ചെയ്യുമെന്ന് വിശദീകരിച്ചു. ലാല്‍ചന്ദ് രജ്പുത്ത്, പ്രവീണ്‍ ആംറെ, മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റുവര്‍ട്ട് ലോ, ടോം മൂഡി, ആന്‍ഡി മോള്‍സ് എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തു.
പരിശീലകനാകാനുള്ള അപേക്ഷ ഏറ്റവും ഒടുവിലായാണ് കുബ്ലെ സമര്‍പ്പിച്ചത്. രവി ശാസ്ത്രി തന്നെ പരിശീലകനാകുമെന്നാണു വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്്‌ലിയും രവിശാസ്ത്രിയും തമ്മിലുള്ള അടുപ്പവും ശാസ്ത്രിക്കു മേല്‍ക്കൈ നല്‍കിയിരുന്നു. എന്നാല്‍, കുംബ്ലെ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
കുംബ്ലെയുടെ പരിചയസമ്പത്ത് അദ്ദേഹത്തിനു തുണയായി. കളിക്കാരനായും നായകനായും 18 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറാണ് കുംബ്ലെയുടേത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് അനില്‍ കുംബ്ലെ. ലോകതലത്തില്‍ മൂന്നാമനും.
132 ടെസ്റ്റുകളില്‍നിന്ന് 619 വിക്കറ്റുകള്‍ സ്വന്തമാക്കിയ 45കാരനായ കുംബ്ലെയ്ക്ക് 271 ഏകദിനങ്ങളില്‍നിന്ന് 337 വിക്കറ്റുകളുമുണ്ട്.
സൗമ്യന്‍, കര്‍ക്കശക്കാരന്‍
ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലഘട്ടത്തില്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു അനില്‍ കുംബ്ലെ. ഏതു പ്രതികൂല സാഹചര്യത്തിലും തികഞ്ഞ പോരാളിയായിരുന്നു അനില്‍കുംബ്ലെ എന്ന ലെഗ് സ്പിന്നര്‍. 1990ല്‍ ഓഗസ്റ്റ് ഒമ്പതിന് ഇംഗ്ലണ്ടിനെതിരേ ഓള്‍ഡ്ട്രാഫോഡിലായിരുന്നു 19ാം വയസില്‍ കുംബ്ലെയുടെ ടെസ്റ്റ് അരങ്ങേറ്റം. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി പിറന്ന മത്സരമായിരുന്നു ഇത്. ടെസ്റ്റില്‍ അരങ്ങേറും മുമ്പ് 1990 ഏപ്രിലില്‍ കുംബ്ലെ ഏകദിനത്തില്‍ അരങ്ങേറിയിരുന്നു.
ലെഗ് സ്പിന്നര്‍ എന്ന നിലയില്‍ അറിയപ്പെടുമ്പോഴും ലെഗ്‌സൈഡില്‍ കുത്തിത്തിരിയുന്ന പന്തുകളായിരുന്നില്ല കുംബ്ലെയുടേത്. എന്നാല്‍, തികഞ്ഞ ഒരു ലെഗ്‌സ്്പിന്നറുടെ ആക്്ഷന്‍ കുംബ്ലെയ്ക്കുണ്ടായിരുന്നു. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ മികവും. ചെറിയ ടേണിംഗോടുകൂടിയുള്ള ടോപ് സ്പിന്‍ എതിരാളികളെ വീഴ്ത്താനുള്ള കുംബ്ലെയുടെ പ്രധാന ആയുധമായിരുന്നു.
ഈ മികവിലൂടെ കുംബ്ലെ തന്റെ കരിയറില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ അനവധി. 1999ല്‍ പാക്കിസ്ഥാനെതിരേ ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ 74 റണ്‍സ് വഴങ്ങി ഒരു ഇന്നിംഗ്‌സിലെ 10 വിക്കറ്റും വീഴ്ത്തി കുംബ്ലെ ചരിത്രം കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബൗളറായി കുംബ്ലെ. കളിക്കളത്തിലെ തികഞ്ഞ പോരാളി എന്നു തെളിയിക്കുന്ന സംഭവമായിരുന്നു 2002ല്‍ ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരേ നടന്ന ടെസ്റ്റ്. ബാറ്റ് ചെയ്യുന്നതിനിടെ മെര്‍വ് ധില്ലന്റെ പന്ത് കൊണ്ട് താടിയെല്ല് തകര്‍ന്ന കുംബ്ലെയോട് കളിക്കേണെ്ടന്ന് ടീമിലെ അംഗങ്ങള്‍ ഒന്നടങ്കം പറഞ്ഞിട്ടും അദ്ദേഹം ബൗള്‍ ചെയ്യാനെത്തി. പൊട്ടിയ താടിയെല്ലില്‍ തുണിചുറ്റി കളിക്കാനിറങ്ങിയ കുംബ്ലെ തുടര്‍ച്ചയായി 14 ഓവറുകള്‍ എറിഞ്ഞ് എതിരാളികളെപ്പോലും വിസ്മയപ്പെടുത്തി. സൂപ്പര്‍ താരം ബ്രയന്‍ ലാറയുടേതടക്കം വിക്കറ്റും കുംബ്ലെ സ്വന്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ പലപ്പോഴും സെഞ്ചുറിക്ക് അരികിലെത്തിയിട്ടുണെ്ടങ്കിലും അതു നേടാനായത് കരിയറിന്റെ അവസാന കാലഘട്ടത്തിലാണ്.
2007ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അത്. സച്ചി ന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എല്ലാവരുമുണ്ടായിരുന്നിട്ടും ആ പരമ്പരയില്‍ സെഞ്ചുറി നേടിയ താരം കുംബ്ലെ മാത്രമായിരുന്നു.2007ല്‍ ടെസ്റ്റ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട കുംബ്ലെ 14 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു. 2008 ഒക്ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വിരമിക്കുമ്പോള്‍ അദ്ദേഹം നായകനായിരുന്നു.
മങ്കി ഗേറ്റ് വിവാദത്തില്‍ സത്യത്തിനൊപ്പം
കളിയുടെ മാന്യതയ്‌ക്കൊപ്പം വ്യക്തിപരമായ മാന്യതയും നിലനിര്‍ത്തുക എന്നത് കുംബ്ലെയ്ക്കു നിര്‍ബന്ധമുള്ള കാര്യമാണ്. 2007-08 കാലഘട്ടത്തില്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഒരു മത്സരത്തില്‍ സൈമണ്ട്‌സും ഹര്‍ഭജന്‍സിംഗുമായുള്ള വിവാദപരമായ വാക് പോരാട്ടം ഇരുടീമും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തില്‍വരെ ഉലച്ചിലുണ്ടാക്കി.
സൈമണ്ട്‌സിനെ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു ഹര്‍ഭജനെതിരായ ആരോപണം. എന്നാല്‍ ആരോപണം തള്ളിക്കളയുകയായിരുന്നു കുംബ്ലെ. സംഭവത്തേത്തുടര്‍ന്ന് ഹര്‍ഭജനെ ഒരു മത്സരത്തില്‍നിന്നു വിലക്കി. കളിയുടെ സ്പിരിറ്റിനനുസരിച്ചത് ഒരു ടീം മാത്രമാണെന്ന് കുംബ്ലെയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ കാര്‍ക്കശ്യം നിറഞ്ഞ പ്രതികരണമായിരുന്നു. എതിര്‍ ടീമിന്റെയും ബഹുമാനം പിടിച്ചുപറ്റാന്‍ കുംബ്ലെയ്ക്കു സാധിച്ചിരുന്നു.
പരിശീലകനെന്ന നിലയില്‍ പരിചയസമ്പന്നനല്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകപദവി വളരെ വൈകിയാണ് കുംബ്ലെയെ തേടിയെത്തിയതെങ്കിലും പരിശീലകന്റെ റോള്‍ 45-ാം വയസില്‍ത്തന്നെ കുംബ്ലെയെ തേടിയെത്തി. പരിശീലകനെന്ന നിലയില്‍ പരിചയസമ്പത്ത് ഇല്ല എന്നത് കുംബ്ലെയുടെ അയോഗ്യതയായി വേണമെങ്കില്‍ വിലയിരുത്താം. ഐപിഎലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും മെന്ററായി കുംബ്ലെ സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്നതുമാത്രമാണ് അദ്ദേഹത്തിന്റെ പരിശീലന മികവ്.
എന്നാല്‍, കുംബ്ലെയെയും ഇന്ത്യന്‍ ഡ്രസിംഗ് റൂം സാഹചര്യങ്ങളെയും നന്നായി അറിയാവുന്ന സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ത്രയത്തിന് കുംബ്ലെയെ നിര്‍ദേശിക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
ഇന്ത്യന്‍ ടീമിന്റെ പരിശീലകനായതില്‍ അഭിമാനം: കുംബ്ലെ
ബംഗളൂരു: ഓഗസ്റ്റ് ഒമ്പതിന് അനില്‍ കുംബ്ലെ ടെസ്റ്റില്‍ അരങ്ങേറിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ രജതജൂബിലി വര്‍ഷത്തില്‍ കുംബ്ലെയെ തേടിയെത്തിയിരിക്കുന്ന അപൂര്‍വ നേട്ടമാണിത്. തന്റെ ക്രിക്കറ്റ് കരിയറില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതി എന്നാണ് കുംബ്ലെ നേട്ടത്തെക്കുറിച്ചു പ്രതികരിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം കളിക്കാനായതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് കുംബ്ലെ ഓര്‍മിച്ചു. താന്‍ കളിച്ച 132 ടെസ്റ്റില്‍ ഒന്നോ രണേ്ടാ ടെസ്റ്റിലാണ് സച്ചിന്‍ ഇല്ലാതിരുന്നത്, അതുകൊണ്ടുതന്നെ സച്ചിനോട് സഹോദരനെന്ന നിലയിലുള്ള ഒരുബന്ധമാണ് തനിക്കുള്ളതെന്ന് കുംബ്ലെ പറഞ്ഞു. തന്റെ കരിയറിന്റെ വളര്‍ച്ചയില്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനുള്ള പങ്കും വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് യഥാസമയത്താണെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിച്ച ബിസിസിഐക്കും ഉപദേശകസമിതിക്കും നന്ദി പറയുന്നതായും കുംബ്ലെ പറഞ്ഞു.
അനില്‍ കുംബ്ലെ
ജനനം ഒക്ടോബര്‍ 17, 1970, ബംഗളൂരു
ടെസ്റ്റ് 132, വിക്കറ്റ്-619
മികച്ച പ്രകടനം 74 റണ്‍സ് വഴങ്ങി 10 വിക്കറ്റ്, പാക്കിസ്ഥാനെതിരേ
ഏകദിനം 217, വിക്കറ്റ് 337
മികച്ച പ്രകടനം 12 റണ്‍സ് വഴങ്ങി ആറു വിക്കറ്റ്,- 1993ല്‍, വിന്‍ഡീസിനെതിരേ..