മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഏക ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം നിശ്ചലമായതോടെ രോഗികള്‍ ദുരിതത്തിലായി. ആറു മാസത്തിനിടെ പത്തിലേറെ തവണ പണിമുടക്കിയ യന്ത്രത്തെ ആശ്രയിച്ച് ദിവസവും 700ഓളം രോഗികളാണ് എത്തുന്നത്. സംസ്ഥാനത്ത് ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം ഇല്ലാത്ത ഏക മെഡിക്കല്‍ കോളജ് ആയി തൃശൂര്‍ മെഡിക്കല്‍ കോളജ് മാറി.
ചെറിയ എക്‌സ്‌റേകള്‍ ടെുക്കാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ എക്‌സ്‌റേ യന്ത്രം ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രതിസന്ധി തരണം ചെയ്യുന്നത്. രണ്ടു പോര്‍ട്ടബിള്‍ എക്‌സ്‌റേ യന്ത്രം ഇനി എപ്പോള്‍ വേണമെങ്കിലും പണിമുടക്കാം. ഈ യന്ത്രം ഉപയോഗിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളുടെ എക്‌സേറകള്‍ എടുക്കാന്‍ സാധ്യമല്ല. കൈമുട്ട്, നെഞ്ച്, തല എന്നിവയുടെ മാത്രമേ ഇതിലൂടെ എടുക്കാന്‍ സാധിക്കൂ. മാത്രമല്ല ഈ യന്ത്രം ഉപയോഗിച്ച് എക്‌സ്‌റേ എടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. ഈ സമയമത്രയും രോഗിയ്ക്കും ജീവനക്കാര്‍ക്കും റേഡിയേഷന്‍ കൂടുതല്‍ ഏല്‍ക്കേണ്ടി വരും.
മാത്രമല്ല പോര്‍ട്ടബിള്‍ എക്‌സറേ യന്ത്രത്തിന്റെ ചെറിയ ക്യാമറയാണ് ഉപയോഗിക്കുന്നത്. എക്‌സറേകള്‍ കൂടുതല്‍ എടുത്താല്‍ ഇവ ചിലപ്പോള്‍ പൊട്ടിതെറിക്കാനും അതുവഴി വൈദ്യുതി ആഘാതം ഏല്‍ക്കാനും സാധ്യതയുണ്ട്. പുതിയ ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം വേണമെന്നുള്ള ജനങ്ങളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കേടു വന്ന ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം ഉപയോഗിച്ച് ഒരു വര്‍ഷത്തില്‍ നാലു ലക്ഷത്തോളം എക്‌സറേകളാണ് എടുത്തിട്ടുള്ളത്. ഇതു യന്ത്രത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഇതാണ് ഡിജിറ്റല്‍ യന്ത്രം ഇപ്പോള്‍ തകരാറിലാകാന്‍ കാരണം.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒന്നര കോടി രൂപ വിലവരുന്ന ആറു ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആകെയുള്ള ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം കേടുവന്നത് ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കയാണ്. സമീപത്ത് ആധുനിക സൗകര്യങ്ങളുള്ള സ്വകാര്യ എക്‌സറേ സെന്ററുകള്‍ ഇല്ലാത്തതു മൂലം തൃശൂര്‍ നഗരത്തിലെത്തി രോഗികള്‍ക്ക് എക്‌സ്‌റേ എടുത്ത് തിരികെ ആുപത്രിയിലെത്തേണ്ട ഗതികേടാണ്. മാത്രമല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ പാവങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്ന എക്‌സ്‌റേകള്‍ സ്വകാര്യ ലാബുകളില്‍ നാനൂറു രൂപവരെ കൊടുക്കേണ്ടിയും വരും.
മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നു വന്നുവെങ്കിലും രോഗികള്‍ക്ക് ഏറ്റവും ആവശ്യമുള്ള ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം സ്ഥാപിക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. രണ്ടു വര്‍ഷം മുമ്പു കൊണ്ടുവന്ന കോടികള്‍ വിലയുള്ള സിടി സ്കാന്‍ യന്ത്രം പൊടിപിടിച്ച് തുരുമ്പെടുത്ത് വെറുതെ കിടക്കുകയാണ്. വൈദ്യുതി ലഭിക്കാത്തതാണ് ഇത് പ്രവര്‍ത്തിപ്പിക്കാത്തതിന്റെ കാരണമത്രേ.