കൊച്ചി: വെള്ളിത്തിരയിലെ താരങ്ങള്‍ അണിനിരക്കുന്ന പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ 24 നു തുടക്കമാകും. കഴിഞ്ഞ 17ന് ചെന്നൈയില്‍ ഉദ്ഘാടനം ചെയ്ത ലീഗിന്റെ ആദ്യഘട്ട മത്സരം ചെന്നൈയിലായിരുന്നു നടക്കേണ്ടിയിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരം കൊച്ചിയിലേക്കു മാറ്റിയത്.
ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങള്‍ ഏറ്റുമുട്ടുന്ന ലീഗില്‍ മലയാളത്തിന്റെ പ്രതിനിധികള്‍ അമ്മ കേരള റോയല്‍സാണ്. ക്യാപ്റ്റന്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള ടീം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവസാനഘട്ട പരിശീലനം ആരംഭിച്ചു. വൈസ് ക്യാപ്റ്റന്‍ നരേന്, അര്ജുന് നന്ദകുമാര്‍, സൈജു കുറുപ്പ്, ശേഖര്‍ മേനോന്, രാജീവ് പിള്ള, റോണി ഡേവിഡ്, രഞ്ജിനി ഹരിദാസ്, പാര്‍വതി നമ്പ്യാര്‍, റോസ്ലിന് ജോളി തുടങ്ങിയവരും ഇന്നലെ പരിശീലനത്തിനിറങ്ങി. ജോയി ആന്റണിയാണു പരിശീലകന്. നടന് കുഞ്ചാക്കോ ബോബനെ അവസാനനിമിഷം ടീമില്‍ ഉള്‍പ്പെടുത്തി.
ഒരു മാസത്തോളമായി മികച്ച തയാറെടുപ്പാണ് ഓരോ താരങ്ങളും നടത്തുന്നതെന്നു ജയറാം പറഞ്ഞു. ടീം അംഗങ്ങളെല്ലാം മികച്ച ആത്മവിശ്വാസത്തിലാണ്. മൂന്നു പുരുഷ ഡബിള്‍സ്, രണ്ടു വനിതാ ഡബിള്‍സ്, ഒരു മികസഡ് ഡബിള്‍സ് മത്സരങ്ങളാണു ലീഗ് ഘട്ടത്തില്‍ നടക്കുക. തമിഴ് സിനിമാ താരങ്ങളുടെ ചെന്നൈ റോക്കേഴ്സ്, കന്നഡ താരങ്ങളുടെ കര്‍ണാടക ആല്‍പ്സ്, തെലുങ്കു താരങ്ങളുടെ ടോളിവുഡ് ടസ്ക്കേഴ്സ് എന്നീ ടീമുകളും ലീഗില്‍ മാറ്റുരയ്ക്കും. കാണികള്‍ക്കു പാസ് മൂലമാണ് പ്രവേശനം.