തലയോലപ്പറമ്പ്: പുഴയിൽ നിന്നു കൃഷ്ണവിഗ്രഹം കിട്ടി. മൂവാറ്റുപുഴയാറിന്റെ തീരപ്രദേശമായ മറവൻതുരുത്ത് ചുങ്കം ഭാഗത്തെ കുളിക്കടവിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. പഞ്ചലോഹമല്ലെന്ന് മനസിലാക്കി പിച്ചളലോഹവിഗ്രഹം മോഷ്ടാക്കൾ ഉപേക്ഷിച്ചതാകാമെന്നാണു കരുതുന്നത്. വിഗ്രഹത്തിൽ ഉരച്ചു നോക്കിയ പാടുകളുണ്ട്.
വ്യാഴാഴ്ച വെളുപ്പിനെ 5.30ന് കുളിക്കാനായി കടവിലെത്തിയ സമീപവാസികളായ എബിൻബേബിയും ടി.ആർ.ജോഷിയുമാണ് ടോർച്ചു വെളിച്ചത്തിൽ വിഗ്രഹം കണ്ടത. ഇവർ ഉടൻ തന്നെ തൊട്ടടുത്തുള്ള റിട്ട.പോലീസ് ഉദ്യോഗസ്ഥൻ എം.എസ്.തിരുമേനിയെ വിളിച്ചുവരുത്തി.
തുടർന്ന് അദ്ദേഹം തലയോലപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പുഴയിൽ നിന്നു കൃഷ്ണവിഗ്രഹം കിട്ടിയതറിഞ്ഞ് നിരവധിയാളുകൾ ചുങ്കത്ത് തടിച്ചുകൂടി.സ്ഥലത്തെത്തിയ പോലീസ് വിഗ്രഹം ഏറ്റുവാങ്ങി മേൽനടപടികൾ സ്വീകരിച്ചു.

