രാജീവ് ഡി.പരിമണം
കൊല്ലം: ചലച്ചിത്രതാരങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പൊതുവേ വാശിയേറിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മൂന്നുമുന്നണികളിലും താരങ്ങള്‍ മത്സരിക്കുന്ന ഏകമണ്ഡലമായ പത്തനാപുരം പൊരിഞ്ഞ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികെ.ബി ഗണേഷ്കുമാറും യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷും തമ്മിലാണ് മുഖ്യമത്സരം. ബിജെപി സ്ഥാനാര്‍ഥി ഭീമന്‍രഘുവും ഒരടി പിന്നോട്ട് മാറാതെ ഇവരോട് അങ്കംവെട്ടുന്നു.
കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെബി ഗണേഷ്കുമാര്‍ ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാറിയതോടെ മണ്ഡലത്തിലെ സ്പന്ദനവും മാറിയിട്ടുണ്ട്. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാട്ടുന്ന ആവേശം വോട്ടായി മാറുമെന്നാണ് ഗണേഷ്കുമാറിന്റെ കണക്കുകൂട്ടല്‍. മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതനായ അദ്ദേഹത്തിന്റെ വ്യക്തിബന്ധം വിജയത്തിലെത്തിക്കുമെന്ന് കരുതുന്നവരും കുറവല്ല. ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആദ്യം തുടങ്ങിയ മണ്ഡലത്തിലൊന്നാണ് പത്തനാപുരം.ജഗദീഷും ഭീമന്‍രഘുവും രണ്ടാംഘട്ട പ്രചാരണപ്രവര്‍ത്തിലാണ്.
കഴിഞ്ഞ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് മണ്ഡലത്തില്‍ മേല്‍ക്കൈ. പിള്ള യുഡിഎഫ് വിട്ട് എല്‍ഡിഎഫ് ബന്ധം സ്ഥാപിച്ചശേഷമുളള അസംബ്ലി തെരഞ്ഞെടുപ്പായതിനാല്‍ പത്തനാപുരത്ത് വിജയിക്കേണ്ടത് പിള്ളയുടെ കൂടി ആവശ്യമാണ്. അരയും തലയും മുറുക്കി പിള്ള പത്തനാപുരത്ത് മണ്ഡലത്തില്‍ കെബി ഗണേശ്കുമാറിന്റെ വിജയത്തിനായി രംഗത്തുണ്ട്. എല്‍ഡിഎഫിന്റെ എല്ലാ നേതാക്കളും പത്തനാപുരത്ത് പ്രചാരണ പ്രവര്‍ത്തനത്തിന് എത്തുന്നുണ്ട്. കഴിഞ്ഞ തവണ 20402 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെബി ഗണേഷ്കുമാര്‍ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായ സുഭാഷിന് 2839 വോട്ടാണ് ലഭിച്ചത്.
ഭീമന്‍രഘുവും ജഗദീഷുംപ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും പിറകിലല്ല. പൊരിഞ്ഞ ചൂടിനെ അവഗണിച്ച് കണ്‍വന്‍ഷനുകളില്‍ സജീവമായി പങ്കെടുത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ജില്ലയിലെത്തുന്ന യുഡിഎഫ് നേതാക്കള്‍ പത്തനാപുരത്ത് ജഗദീഷിന്റെ വിജയത്തിനായി പ്രചാരണപ്രവര്‍ത്തനം നടത്തുന്നു. രാഷ്ട്രീയത്തില്‍ കന്നിക്കാരനായ താന്‍ ജയിച്ചുവന്നാല്‍ മണ്ഡലത്തില്‍ സജീവസാന്നിധ്യമുണ്ടാക്കി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുമെന്നാണ് ജഗദീഷ് പറയുന്നത് .
ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ജഗദീഷിന്റെ വിജയത്തിനായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് ചുക്കാന്‍പിടിക്കുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായി പത്തനാപുരത്ത് പ്രചാരണത്തിനിറങ്ങിയിട്ടുള്ളതും ശ്രദ്ധേയമാണ്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജഗദീഷ് വോട്ടര്‍മാരെ കാണുന്നത്. പ്രചാരണപ്രവര്‍ത്തനങ്ങളിലെ ആവേശം വിജയപ്രതീക്ഷപകരുന്നവയാണെന്ന് കരുതുന്നു.
താരങ്ങളുടെ പോരാട്ടം വോട്ടര്‍മാരിലും സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ആര്‍ക്ക് വോട്ട് കൂടുതല്‍ ലഭിക്കുമെന്നത് കണ്ടുതന്നെയറിയണം. മന്ത്രിയെന്ന നിലയില്‍ കെബി ഗണേഷ്കുമാര്‍ ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് പറയുന്നുണ്ട്. അതിനോടൊപ്പം യുഡിഎഫില്‍നിന്നുള്ള കൈപ്പേറിയ അനുഭവങ്ങളും അദ്ദേഹത്തിന്റെ പ്രചാരണ ആയുധങ്ങളില്‍പ്പെടുന്നു. കഴിഞ്ഞതവണ ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുറവുവരില്ലെന്നാണ് ഗണേഷ്കുമാര്‍ പറയുന്നത്. കഴിഞ്ഞതവണ നേടിയ വോട്ടിന്റെ ശതമാനത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. മലയോരമേഖലയായ പത്തനാപുരം മണ്ഡലത്തിലെ അതിര്‍വരമ്പുകളുടെ പുനര്‍നിര്‍ണയം രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിച്ചു. 1957ലാണ് പത്തനാപുരം മണ്ഡലം രൂപീകൃതമായത്.
ഇടതുപക്ഷ അനുഭാവം പുലര്‍ത്തിയിരുന്ന മണ്ഡലം ഏറെനാള്‍ സിപിഐക്കൊപ്പമായിരുന്നു. 1960ലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ആര്‍.ബാലകൃഷ്ണപിള്ള പത്തനാപുരത്ത് വിജയിക്കുന്നത്. 65ല്‍ സിപിഐയിലെ പി.സിആദിച്ചനും 67ല്‍ സിപിഐയിലെ തന്നെ പി.കെ രാഘവനും മണ്ഡലത്തെ പ്രതിനിധീകരിച്ചു. കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ പിളര്‍പ്പിനെതുടര്‍ന്ന് 1970ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കുഞ്ഞച്ചനെ 7652 വോട്ടുകള്‍ക്കാണ് സിപിഐയിലെ പി.കെ രാഘവന്‍ തറപറ്റിച്ചത്. 77ലും 80ലും സിപിഐയിലെ ഇ.കെ പിള്ളയും 82ല്‍ കേരളാകോണ്‍ഗ്രസിലെ എ.ജോര്‍ജും വിജയിച്ചു. 87ല്‍ സിപിഐയിലെ ഇ.ചന്ദ്രശേഖരന്‍നായര്‍ മണ്ഡലം തിരിച്ചുപിടിച്ചു.
91ലും 96ലും സിപിഐയിലെ കെ.പ്രകാശ്ബാബു മണ്ഡലം പിടിച്ചുനിര്‍ത്തി. 2001ലും 2006ലും 2011ലും വിജയിയായ കെ.ബി ഗണേശ്കുമാര്‍ മണ്ഡലം യുഡിഎഫിന്റെ അക്കൗണ്ടിലേക്ക് മാറ്റി. മണ്ഡലത്തില്‍ പല സ്ഥലങ്ങളിലും ബിജെപിക്ക് നിര്‍ണായക സ്വാധീനമുണ്ട്. പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര പിറവന്തൂര്‍, തലവൂര്‍, വിളക്കുടി മേലില, വെട്ടിക്കവല പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പത്തനാപുരം മണ്ഡലം. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വെട്ടിക്കവല പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. താരങ്ങളുടെ പോരാട്ടത്തില്‍ ആര് ജയിക്കുമെന്ന് കാത്തിരുന്നുകാണാം.