തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് വന്‍തോതില്‍ വ്യാജമദ്യം ഒഴുകുന്നു

tcr-spiritകായംകുളം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍തോതില്‍ വ്യാജ മദ്യം ഒഴുകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സ്ക്വാഡ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞദിവസം രാമപുരത്ത് വ്യാജ വിദേശമദ്യ നിര്‍മാണകേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍പിടിയിലായിരുന്നു ഇവരെ കോടതി റിമാന്‍ഡു ചെയ്തു കായംകുളം ചേരാവള്ളി പെരിമുഖത്ത് വടക്കതില്‍ സ്റ്റീഫന്‍ (26), കായംകുളം പുതുപ്പള്ളി ചിറക്കടവം ഗീതാഞ്ജലിയില്‍ അരുണ്‍ (26)എന്നിവരെയാണ് റിമാന്‍ഡു ചെയ്തതു കേന്ദ്രത്തില്‍ നിന്നും എക്‌സൈസ് സംഘം 94 കുപ്പി വിദേശമദ്യവും സ്പിരിറ്റ് ശേഖരവും പിടികൂടിയിരുന്നു.

ഇന്നലെ മുതുകുളത്തു നടത്തിയ റെയ്ഡില്‍ 10 ലിറ്റര്‍ ചാരായവും എക്‌സൈസ് പിടികൂടി ചാരായം വറ്റിയയാള്‍ എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു വരും. ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു രാമപുരത്ത് റെയ്ഡിനെ തുടര്‍ന്ന് ഒളിവില്‍ പോയ വ്യാജ മദ്യനിര്‍മാണ സംഘത്തിലെ കറ്റാനം ഭരണിക്കാവ് തെക്കേമങ്കുഴി സ്വദേശി സനല്‍കുമാറിനായി എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിത മാക്കിയിരിക്കുകയാണ്. ഏവൂര്‍ നാടാലക്കല്‍ ഗ്രേസ് വില്ല വാടകക്കെടുത്താണ് പ്രതികള്‍ വ്യാജ വിദേശമദ്യം നിര്‍മിച്ചിരുന്നത്.

ഒന്നരമാസം മുമ്പാണ് പ്രതികള്‍ വീട് വാടകയ്ക്കു എടുത്തത്. ഇവിടം കേന്ദ്രീകരിച്ചു വ്യാജമദ്യ നിര്‍മാണം നടക്കുന്നതായി രണ്ടാഴ്ച മുമ്പ് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രദേശം നിരീക്ഷണത്തിലായിരുന്നു. പ്രതികള്‍ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാവിലെ എക്‌സൈസ് സംഘം വീടുവളഞ്ഞത്. മാക്ഡവല്‍ ബ്രാണ്ടിയുടെ വ്യാജ ലേബല്‍ പതിപ്പിച്ച 500 മില്ലിയുടെ കുപ്പികളാണു കണ്ടെടുത്തത്. 35 ലിറ്ററിന്റെ  19 കന്നാസുകളിലും 10 ലിറ്ററിന്റെ 10 കന്നാ സുകളിലുമായി സൂക്ഷിച്ച സ്പിരിറ്റും പിടിച്ചെടുത്തു.

ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള വ്യാജമദ്യ നിര്‍മാണമാണ് ഇവിടെ നടന്നുവന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര്‍മാണ ദിവസങ്ങളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു തിരികെ കൊണ്ടുപോവുകയായിരുന്നു ചെയ്തിരുന്നത്. ആയിരത്തോളം ലിറ്റര്‍ സ്പിരിറ്റ് ഉപയോഗിച്ച് മദ്യം ഉല്പാദിപ്പിച്ചതിന്‍െറ ബാക്കി മാത്രമാണ് പിടികൂടാനായത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ് റിമാന്‍ഡിലായ പ്രതികളെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ എക്‌സൈസ് സംഘത്തെ ആക്രമിച്ചതടക്കമുള്ള കേസുകളില്‍ അരുണ്‍ പ്രതിയാണ്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് നേതൃത്വം നല്‍കിയത്  സ്‌പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ ബാബു, റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ഗിരീഷ്, അക്ബര്‍, സിവില്‍ ഓഫിസര്‍മാരായ റെനി, അജീബ്, സുരേഷ്, അനിലാല്‍, അലക്‌സാണ്ടര്‍ എന്നിവരടങ്ങിയ സംഘമാണ്.

Related posts