മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി സംസ്ഥാന പാതയില്‍ മങ്കൊമ്പ് ഒന്നാംകരിയില് വീടിനു സമീപം നിന്ന ദളിത് യുവാവിനു നേരെ എക്സെസ് അതിക്രമം. വിഷയത്തില്‍ പരാതിയുമായി യുവാവിന്റെ വീട്ടുകാര്‍ രംഗത്തെത്തി. ഒന്നാംകര സജിഭവനില്‍ പരേതനായ കെ. ചെല്ലപ്പന്റെ മകന് സി. സജിക്കാണ് മര്‍ദനമേറ്റത്. വീടിനു സമീപമുള്ള കുട്ടനാട് എക്സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടറും രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മര്‍ദിച്ചതെന്നാണ് ജില്ലാ പോലീസ് ചീഫിനു നല്കിയ പരാതിയില്‍ പറയുന്നത്.
പരാതി ഇങ്ങനെ: കഴിഞ്ഞദിവസം രാത്രി പത്തോടെ വീടിനു എതിര്‍വശത്തുള്ള കടവില്‍ കൈകഴുകിയശേഷം തിരികെ വരുന്നതിനിടെ സജി ഒരു വെളുത്ത കാര്‍ ചങ്ങനാശേരി ഭാഗത്തുനിന്നും വരുന്നതായി കണ്ടു. എക്സൈസ് ഓഫീസിനു സമീപം നിന്ന കാറില്‍ നിന്നും മൂന്നു പ്രാവശ്യം ഹോണടിക്കുന്ന ശബ്ദവും കേട്ടു. ഈ സമയം എക്സൈസ് ഓഫീസിലെ ലൈറ്റുകള്‍ അണഞ്ഞു. സംഭവം കണ്ട സജി സമീപത്തേക്ക് ടോര്‍ച്ച് അടിച്ചു നോക്കി. തുടര്‍ന്നാണ് കാറില്‍ നിന്നും സിവില്‍ ഡ്രസിലിറങ്ങിയ ഇന്‍സ്പെക്ടര്‍ സജിയെ മര്‍ദിച്ചത്. പെട്ടെന്ന് ഓഫീസില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
മൂന്നുപേരും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചശേഷം വലിച്ചിഴച്ച് ഓഫീസിലെത്തിക്കുകയായിരുന്നു. അടച്ചിട്ട മുറയില്‍ വീണ്ടും മര്‍ദനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. ബഹളംകേട്ട് യുവാവിന്റെ അമ്മയും സഹോദരിയും ഓഫീസിലെത്തിയെങ്കിലും അകത്തേക്കു കടക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.പ്രായമായ മാതാവും സഹോദരിയും ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഏറെനേരം കരഞ്ഞ് അപേക്ഷിച്ചിട്ടും സജിയെ വിട്ടയയ്ക്കാന് തയാറായില്ല. തുടര്‍ന്ന് രാത്രി 11ഓടെ വെള്ള പേപ്പറില്‍ ഒപ്പിടീച്ച ശേഷമാണ് യുവാവിനെ പുറത്തുവിട്ടത്. ശരീരമാസകലം നീര്‍ക്കെട്ട് ബാധിച്ച യുവാവിനെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്നു പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ തങ്ങള്‍ക്കു മേല്‍ സമ്മര്‍ദമുള്ളതായി യുവാവിന്റെ സഹോദരങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ എക്സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജി എന്ന യുവാവിനു മര്‍ദനമേറ്റത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടെന്ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ. പ്രകാശന് പറഞ്ഞു. മുഖത്തിന്റെ ഇടതു ഭാഗത്തും, നെഞ്ചിനും ക്ഷതമേറ്റിട്ടുണ്ട്. യുവാവിന് മൂന്നു ദിവസം കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരുമെന്നും സൂപ്രണ്ട് പറഞ്ഞു. ദളിത് യുവാവിനു നേരെയുണ്ടായ എക്സൈസിന്റെ ക്രൂരമായ മര്‍ദനം അടിയന്തരമായി അന്വേഷിക്കണമെന്ന് കുട്ടനാട് നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം സംഭവം നിഷേധിച്ച് എക്സൈസ് അധികൃതരും രംഗത്തെത്തി. ഓഫീസ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളോടു കാര്യം തിരക്കുക മാത്രമാണു ചെയ്തതെന്നാണു എക്സൈസ് ഇന്‍സ്പെക്ടര്‍ പറയുന്നത്. യുവാവ് മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായും ഓഫീസില്‍ അതിക്രമിച്ചു കയറിയതിനു പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.