ഇരിങ്ങാലക്കുട: ലക്ഷങ്ങള്‍ പൊടിപൊടിച്ച മാര്‍ക്കറ്റിലെ മിനിബസ്റ്റാന്‍ഡ് വീണ്ടും അനാഥത്വത്തിലേക്ക്. നഗരസഭാധികൃതരുടെ അലംഭാവമാണ് ഇതിനു കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. ഈ പ്രദേശത്തെ വികസനത്തിനു ഏറെ പ്രതീക്ഷ നല്‍കിയായിരുന്നു മിനിബസ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെങ്കിലും ഇപ്പോള്‍ നിരാശയാണ് ഫലം. അറവുമാടുകളെ കെട്ടുന്നതിനും നഗരസഭയുടെ മറ്റു സ്ഥലങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥലമായി മാറിക്കഴിഞ്ഞു മിനി ബസ് സ്റ്റാന്‍ഡ്.
മാര്‍ക്കറ്റിന്റെ വളര്‍ച്ചയ്ക്കും നഗരത്തിലെ ഗതാഗതകുരുക്കിനും പരിഹാരമായി 1992 ജൂലൈ 18 ന് നഗരസഭ ചെയര്‍മാനായ അഡ്വ.ടി.ജെ. തോമസ് ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭ മിനി ബസ് സ്റ്റാന്‍ാണ് അനാഥമായി കിടക്കുന്നത്. വ്യക്തി താല്‍പര്യങ്ങളും സങ്കുചിത ചിന്താഗതികളും ഈ ബസ് സ്റ്റാന്റിനെ പ്രവര്‍ത്തനരഹിതമാക്കി.
ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ഹോള്‍ട്ടിംഗ് സ്‌റ്റേഷനായും മിനി സ്റ്റാന്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിന്നും എത്തിച്ചേരുന്ന ബസുകള്‍ ബസ് സ്റ്റാന്‍ഡിലെത്തി അവിടെ നിന്നും ഠാണാ, താലൂക്ക് ആശുപത്രി വഴി മിനി സ്റ്റാന്‍ഡിലെത്തണമെന്നും കിഴക്കുഭാഗത്തുനിന്നും വരുന്ന ബസുകള്‍ മിനി സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്ന് തെക്കേ അങ്ങാടി, ചന്തക്കുന്ന്, ഠാണ, ക്രൈസ്റ്റ് കോളജ് റോഡ് വഴി ബസ് സ്റ്റാന്‍ഡിലെത്തുകയും ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ആദ്യദിനങ്ങളില്‍ ഇത്തരത്തില്‍ യാത്ര തുടര്‍ന്നെങ്കിലും പിന്നീട് ബസുടമകളും ജീവനക്കാരും ഇത് അവഗണിക്കുകയായിരുന്നു.
മിനി ബസ് സ്്റ്റാന്‍ഡിലെ വെയ്റ്റിംഗ് ഷെഡുകളെല്ലാം തുരുമ്പെടുത്തു നശിച്ചുകഴിഞ്ഞു. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുവരുന്ന ബസുകള്‍ മിനി ബസ് സ്റ്റാന്‍ഡിലെത്തിക്കാനുള്ള നടപടിയെടുത്താല്‍ ബസ് സ്റ്റാന്‍ഡിലെ തിരക്കിന് കുറവുണ്ടാകുകയും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സൗകര്യപ്രദമാകുകയായിരുന്നു. എന്നാല്‍ നടപടികളെടുക്കാന്‍ നഗരസഭ മടിക്കുകയാണ്.
ബസുമുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങി പോലീസ് ഉദ്യോഗസ്ഥരും അധികൃതരും ഈ മിനി ബസ് സ്റ്റാന്‍ഡിനെ കണ്ടില്ലെന്ന സ്ഥിതിയാണുള്ളത്. നഗരത്തില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന നഗരസഭ മിനി ബസ് സ്റ്റാന്‍ഡ് മറന്ന മട്ടാണ്. ബസ് സ്റ്റാന്‍ഡിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കും നഗരസഭയില്‍ വിശ്വാസം നഷ്ടപ്പെട്ടു. നാലു ലക്ഷം രൂപയോളം ചെലവഴിച്ചാണ് നാലു വര്‍ഷം മുമ്പ് നഗരസഭ അധികൃതര്‍ മിനി ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മിനി ബസ് സ്റ്റാന്‍ഡ് സജീവമാകുന്നതോടെ മാര്‍ക്കറ്റിന്റെ വികസനം സ്വപ്നം കണ്ടവര്‍ തികച്ചും നിരാശയിലാണ്.
മിനി ബസ്റ്റാഡിന്റെ വികസന കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇത്തവണത്തെ ബഡ്ജറ്റില്‍ മിനി ബസ്റ്റാന്റിന്റെ പ്രവര്‍ത്തനത്തിനായി യാതൊന്നും വകയിരുത്തിയിട്ടില്ല. മാര്‍ക്കറ്റ് പ്രദേശത്തെ വികസനത്തിന് തുരങ്കം വക്കുക എന്നുള്ളതാണ് ഇതിനു പിന്നിലുള്ളത്. മിനി ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ വന്നു പോകുന്നതിനാവശ്യമായ നടപടികള്‍ ഈ പ്രദേശത്തെ നഗരസഭയെ പ്രതിനിധീകരിക്കുന്നവര്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.