കുന്നംകുളം (തൃശൂർ): അക്കിക്കാവ് ബൈപ്പാസിനുസമീപം പന്നിത്തടത്ത് കെഎസ്ആർടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ 12 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്.കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്.
ബസിലെ ഡ്രൈവർ രാജേഷിനും, ലോറി ഡ്രൈവർക്കും, കണ്ടക്ടർക്കും മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി ബസിന്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു. റോഡ് പണികൾ പൂർത്തിയായതോടെ പന്നിത്തടം കേന്ദ്രീകരിച്ച് അപകടങ്ങൾ സ്ഥിരമാവുകയാണ്.