സ്മാര്‍ട്ഫോണ്‍ രംഗത്തെ പുതിയ തരംഗമായി റോബോട്ടിക് മൊബൈല്‍ ഫോണ്‍ വിപണിയിലെത്തി. പോക്കറ്റിലിടാവുന്ന വലുപ്പമേയുള്ളൂ റോബോട്ടിക് ഫോണിന്. പക്ഷേ, നടക്കാനും നൃത്തം ചെയ്യാനുമൊക്കെ കഴിയും. ജപ്പാന്റെ പുതിയ സൃഷ്ടിയാണ് ഈ റോബോട്ടിക് സ്മാര്‍ട്ട് ഫോണ്‍.
മനുഷ്യാകൃതിയിലാണ് ഫോണിന്റെ നിര്‍മാണം. ഷാര്‍പ്പ്, ടൊമോടാക്ക തകഹാഷി എന്നീ ജാപ്പനീസ് എന്‍ജിനിയറിംഗ് കമ്പനികളാണ് നിര്‍മാതാക്കള്‍. ആദ്യ റോബോട്ടിക് ബഹിരാകാശ സഞ്ചാരികളുടെ നിര്‍മാതാക്കളാണിവര്‍. 1,800 ഡോളര്‍ (1,20,600 രൂപ) ആണ് റോബോട്ട് ഫോണിന്റെ വില. ജൂണ്‍ ഏഴു വരെ റോബോട്ട് ഫോണ്‍ പൊതുജനങ്ങള്‍ക്കായി പ്രദര്ശിപ്പിക്കപ്പെട്ടിട്ടുമുണ്ട്.
പ്രതിമാസം 5,000 റോബോട്ട് ഫോണുകളെ വിപണിയിലിറക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഈ ഫോണിന്റെ നിര്‍മാണത്തിലൂടെ തായ്വാന് കമ്പനിയായ ഫോക്സ്കോണുമായി സഹകരണവും ലക്ഷ്യംവയ്ക്കുന്നുണ്ട്. ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ് എന്നിവ അസംബ്ലി ചെയ്യുന്ന കമ്പനിയാണ് ഫോക്സ്കോണ്‍.
19.5 സെന്റിമീറ്റര്‍ ഉയരവും 350 ഗ്രാം ഭാരവുമാണ് റോബോട്ട് ഫോണിനുള്ളത്. വീഡിയോയും ഫോട്ടോയും മാപ്പുകളും പ്രദര്‍ശിപ്പിക്കാന്‍ പ്രൊജക്ടറും ഈ അത്യാധുനിക സ്മാര്‍ട്ട് ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം. മുന്‍ കാമറയുടെ സഹായത്തോടെ ആളുകളെ തിരിച്ചറിയാനും പേരുവിളിച്ച് അഭിസംബോധന ചെയ്യാനും ഈ സ്മാര്‍ട് റോബോട്ടിക് ഫോണിനു കഴിയും.
റോബോഹോണിന്റെ ചിത്രങ്ങള്‍ കാണാം: