കളമശേരി: അടിസ്ഥാന കാരണമില്ലാതെ നായ്ക്കളെ കൊല്ലുന്നവരെ കാപ്പ നിയമം ചുമത്തി ജയിലിലടക്കണമെന്ന് പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ.നാരായണകുറുപ്പ്. മൃഗങ്ങളെ ദ്രോഹിക്കുന്നതിനെതിരെ “ഇന്ത്യ യുണൈറ്റസ് ഫോര്‍ അനിമല്‍സ്’ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്. കുറച്ചുകാലമായി നായകളെ കൊല്ലുന്നത് ഒരു ആഘോഷം പോലെയാക്കിയിരിക്കുകയാണ്.
തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് മൃഗങ്ങളെ കൊല്ലുന്നവര്‍ ചെയ്യുന്നത്. അന്തസായി ജീവിക്കാനെന്ന പോലെ അന്തസായി മരിച്ച് കിടക്കാനും മൃഗങ്ങള്‍ക്ക് മനുഷ്യരെപ്പോലെ അവകാശമുള്ളതാണ്. മനുഷ്യന്റെ ഏറ്റവും പഴക്കമേറിയതും വിശ്വസ്തനായതുമായ സുഹൃത്താണ് നായ. എന്തെങ്കിലും ഉപദ്രവം ഉണ്ടായെന്നു കരുതി കൊല്ലാനോ നിയമം കൈയിലെടുക്കാനോ ആര്‍ക്കും അവകാശമില്ലെന്നും ജസ്റ്റിസ് കെ.നാരായണകുറുപ്പ് അഭിപ്രായപ്പെട്ടു. മനുഷ്യനുള്ള എല്ലാ ഭരണഘടനാവകാശങ്ങളും ഏതു മൃഗങ്ങള്‍ക്കും ഉണ്ട്. കൊലയ്ക്കുള്ള ശിക്ഷയും നിയമപരമായി വേണം. പ്രകോപനം ഇല്ലാതെ നായകള്‍ ഒന്നും ചെയ്യില്ല.
മനുഷ്യനെ ഉപദ്രവിപ്പിച്ചുണ്ടെങ്കില്ത്തന്നെ അതിന് നിയമപരവും ശാസ്ത്രീയവുമായ പരിഹാരം കാണണമെന്നും പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ.നാരായണകുറുപ്പ് പറഞ്ഞു. തനിക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് എല്ലാവരെയും കൊന്നൊടുക്കിയ ഹിറ്റ്ലറെ നായകളെ കൊല്ലാന്‍ നടക്കുന്നവര്‍ ഓര്‍ക്കണമെന്നും നായകളെ കൊല്ലുന്നവരെ പ്രോത്സാഹിപ്പിക്കുന്നതും കുറ്റകരമാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്‍ഡ്യ ഓഫീസര്‍ ജയചന്ദ്രന് അധ്യക്ഷനായി. തെരുവോരം മുരുകന്, അശ്വിനി തുടങ്ങിയവര്‍ പങ്കെടുത്തു.