നെഞ്ചിലെ കെടാത്ത കനലായ ആ ദാരുണ ദുരന്തം! അമേരിക്കയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 15 വയസ്

worldവാഷിംഗ്ടണ്‍: അമേരിക്കയിലെ ആയിരങ്ങളുടെ നെഞ്ചിലെ കെടാത്ത കനലായ ആ ദാരുണ ദുരന്തം നടന്നിട്ട് ഇന്ന് 15 വര്‍ഷം. 2001 സെപ്തംബര്‍ 11 നാണ് വേള്‍ഡ് ട്രെഡ് സെന്ററിന് നേരെ ഭീകരാക്രമണം നടന്നത്. യാത്രാവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 3,000 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. വേള്‍ഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും വിമാനങ്ങള്‍ ഇടിച്ചുകയറ്റിയാണ് അല്‍-ഖ്വയ്ദ ഭീകരര്‍ ആക്രമണങ്ങള്‍ നടത്തിയത്.

നാല് ദീര്‍ഘദൂര യാത്രാവിമാനങ്ങളാണ് ഭീകരര്‍ ആക്രമണത്തിനുപയോഗിച്ചത്്. ആദ്യ വിമാനം ട്രേഡ് സെന്ററിന്റെ ഒന്നാമത്തെ ടവറിലേക്ക് ഇടിച്ചിറങ്ങിയത് രാവിലെ 8.46ന്, പിന്നാലെ രണ്ടാമത്തെ വിമാനം ഇരട്ടഗോപുരങ്ങളില്‍ രണ്ടാമത്തേതിലേക്ക് വന്നിടിച്ച് പൊട്ടിത്തെറിച്ചു. അപ്പോള്‍ സമയം 9.03. 9.37ന് മൂന്നാമത്തെ വിമാനം പെന്റഗണിലേക്ക് ഇടിച്ചിറങ്ങി. നാലാമത്തെ വിമാനം യാത്രക്കാരുമായി പെന്‍സില്‍വാനിയക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു.

20 ലേറെ ഭീകരരാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. നാലുവിമാനങ്ങളില്‍ ഉണ്ടായിരുന്നവരില്‍ ആരും രക്ഷപ്പെട്ടില്ല. ജീവന്‍ രക്ഷിക്കാനായി കെട്ടിടങ്ങളില്‍ നിന്നു ചാടിയപ്പോഴാണ് 200ലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 411 രക്ഷാപ്രവര്‍ത്തകരും സംഭവത്തില്‍ മരിച്ചു. ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞ ഗ്രൗണ്ട് സീറോ ഇപ്പോള്‍ ആക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ പേറുന്ന മ്യൂസിയമാണ്.

Related posts