ജയ്പുര്‍: രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഒ.പി. മീണ, കൗമാരകാലത്ത് മകളെ ലൈംഗികമായി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നു മീണയുടെ ഭാര്യയും ഐഎഎസ് ഓഫീസറുമായ ഗീത സിംഗ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സംഭവത്തെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്നു ഗീത ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഇവര്‍ മീണയുമായി അകന്നുകഴിയുകയാണ്. ഭരണ പരിഷ്കാര വകുപ്പിലാണു ഗീത ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത്. 34കാരിയായ മകള്‍ ഇപ്പോള്‍ ലണ്ടനില്‍ വിദ്യാര്‍ഥിയാണ്.
1984 മുതല്‍ തന്നെ മീണ പീഡിപ്പിക്കുകയാണെന്ന് ഗീത ആരോപിച്ചു. ശാരീരികമായി ആക്രമിക്കുകയും കണ്ണുകള്‍ക്കു പരിക്കേല്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജയ്പുരിലെ വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. മീണ മകളെ പീഡിപ്പിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ ഹൈക്കോടതിയെയും സമീപിച്ചു. ഇക്കാര്യത്തിലും തുടര്‍നപടികള്‍ ഉണ്ടായില്ല-ഗീത പറഞ്ഞു. സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ രാജസ്ഥാന്‍ ചീഫ് സെക്രട്ടറി തയാറായില്ല.
