കൊടുവായൂര്‍: വാഹന അപകടങ്ങളും തുടര്‍മരണങ്ങളും പതിവായ നൊച്ചൂര്‍ റോഡിന്റെ വളവ് നിവര്ത്തണമെന്നാവശ്യപ്പെട്ടു വെല്‍ഫെയര്‍ പാര്‍ട്ടി ഒപ്പുശേഖരണം ആരംഭിച്ചു. നൊച്ചൂര്‍ വളവില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളില്‍ ഇരുപതോളംപേരുടെ ജീവന് പൊലിഞ്ഞിട്ടുണ്ട്. നൂറിലധികംപേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എസ് ആകൃതിയിലുള്ള കൊടുംവളവും റോഡിന്റെ തെക്കുഭാഗത്തുള്ള സ്വകാര്യവ്യക്തിയുടെ വാഴത്തോട്ടവുമാണ് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് മറയാവുന്നത്.
ഈ സ്ഥലത്ത് കാല്‍നടയാത്രക്കാര്‍ റോഡുമുറിച്ച് എതിര്‍വശത്തേക്ക് കടക്കുന്നത് സാഹസികമായാണ്. ഓരോ തവണ അപകടം നടക്കുമ്പോഴും സംഭവസ്ഥലത്തെത്തി അപകടവിവരം ശേഖരിച്ചുപോകുന്ന പോലീസ് പിന്നീട് തിരിച്ചെത്തുന്നത് അടുത്തതായി സംഭവിക്കുന്ന അപകടവിവരം ശേഖരിക്കാനാണ്. അതേസമയം അപകടംഒഴിവാക്കാനുള്ള നടപടികളൊന്നും പോലീസ് സ്വീകരിക്കാറില്ലെന്നതും ശ്രദ്ധേയമാണ്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ രാവിലെയും വൈകുന്നേരം സമയങ്ങളിലും ഗതാഗത നിയന്ത്രണത്തിന് പോലീസിനെ നിര്‍ത്തണമെന്ന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ഇനിയും മുഖവിലയ്ക്കെടുത്തിട്ടില്ല.
സിഗ്നല്‍ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതുവന്കിട വ്യാപാരസ്ഥാപനങ്ങളുടെ പരസ്യത്തിനുമാത്രമായി നിലകൊള്ളുന്നുവെന്ന ആക്ഷേപവുമുണ്ട്. സിഗ്നല്‍ സംവിധാനത്തിലൂടെ ഗതാഗതം നിയന്ത്രിച്ചാല്‍ ഒരുപരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്നതാണ് പൊതുജനങ്ങളുടെ പ്രത്യാശ. റോഡിന്റെ വളവ് നിവര്‍ത്താന്‍ ഒപ്പുശേഖരണം നടത്തി വകുപ്പുമന്ത്രിയ്ക്ക് കൈമാറാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.