പമ്പാനദിക്കു കുറുകെ കോഴഞ്ചേരിയില്‍ പുതിയ പാലത്തിന് 25 കോടി രൂപ

alp-RUPEESകോഴഞ്ചേരി:  പമ്പാനദിക്കു കുറുകെ കോഴഞ്ചേരിയില്‍ പുതിയ പാലം  നിര്‍മാണത്തിന് 25 കോടി രൂപ ബജറ്റില്‍ നീക്കിവച്ചത് നാടിന് ആഹ്ലാദമായി. ജില്ലയില്‍ ഏറ്റവുമധികം പണം ലഭിച്ചിട്ടുള്ള പാലവും ഇതാണ്.     പാലം യാഥാര്‍ഥ്യമാകുന്നതോടെ കോഴഞ്ചേരിയുടെ മുഖച്ഛായ തന്നെ മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് പാലത്തിനുവേണ്ടി ബ്ജറ്റില്‍ ടോക്കണ്‍ തുക വകകൊള്ളിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ വിശദമായ എസ്റ്റിമേറ്റും പ്ലാനും പൊതുമരാമത്തുവകുപ്പിന്റെ ബ്രിഡ്ജ് വിഭാഗം തയ്യാറാക്കിയിരുന്നു.

പുതിയ പാലവും അതിന്റെ സര്‍വ്വീസ് റോഡിന് ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെ 22.5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് അന്ന് തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഇന്നലെ മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബ്ജറ്റില്‍ 25 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഒരു തടസവുമില്ലാതെ പാലത്തിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും പിഡബ്ല്യൂഡി പാലം വിഭാഗം അധികൃതര്‍ പറഞ്ഞു.

കോഴഞ്ചേരി ചന്തക്കടവില്‍ നിന്നും തുടങ്ങി നെടുംപ്രയാര്‍ കരയിലെ ബിഷപ് ഹൗസിന്  സമീപം അവസാനിക്കുന്ന നിര്‍ദ്ദിഷ്്ടപാലത്തിന് 185 മീറ്റര്‍ നീളവും 11.23 മീറ്റര്‍ വീതിയും ഉണ്ടായിരിക്കും. പാലത്തിനോട് ചേര്‍ന്ന് 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ടാകും. പാലം പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം സര്‍വീസ് റോഡും നിര്‍മിക്കാനും എസ്റ്റിമേറ്റ് വിഭാവനം ചെയ്തിട്ടുണ്ട്. മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിന്റെ  പ്രത്യേകതയും കണക്കിലെടുത്താണ് സര്‍വീസ് റോഡ് വിഭാവനം ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

കോഴഞ്ചേരിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് 25 കോടി രൂപ ബ്ജറ്റില്‍ വക കൊള്ളിച്ചതിന്റെ ആഹ്ഌദത്തിന്റെ ഭാഗമായി ടൗണില്‍ ലഡു വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ് കുമാറിന്റെ നേതൃത്വത്തിലാണ് ലഡു വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ , ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി ഈശോ എന്നിവര്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു.

Related posts