പരവൂര്‍ തീരദേശ റോഡ് തകര്‍ച്ചയില്‍

KLM-ROADപരവൂര്‍ : കൊല്ലം-പരവൂര്‍ തീരദേശറോഡ് തകര്‍ച്ചയുടെ വക്കില്‍.ശക്തമായ കടലാക്രമണവും അനവസരത്തിലുള്ള അധികൃതരുടെ പാറയടുക്കും കാരണം റോഡില്‍ പലയിടത്തും വന്‍ കുണ്ടും കുഴികളും രൂപപ്പെട്ട് തുടങ്ങി. ചില ഭാഗങ്ങളില്‍ കാല്‍നടയാത്ര പോലും ദുസഹമാണ്. മഴ ഇനിയും കനത്താല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുമെന്നതാണ് സ്ഥിതി.പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് മുപ്പതോളം ടോറസ് ലോറികള്‍ ദിനംപ്രതി ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതുകാരണം പലപ്പോഴും ഗതാഗത തടസവും അനുഭവപ്പെടുന്നു.കൂറ്റന്‍ പാറകളും വഹിച്ച് അമിതഭാരവുമായി വരുന്ന ടോറസ് ലോറികള്‍ മറ്റ് യാത്രികര്‍ക്കും ഭീഷണി ആയിരിക്കയാണ്. മാത്രമല്ല ഇവയുടെ അമിതഭാരം കാരണം അടുത്തിടെ ടാര്‍ ചെയ്ത റോഡ്‌പോലും പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞു.

ലക്ഷ്മിപുരം തോപ്പ് ഭാഗത്ത് എട്ട് പുലിമുട്ടുകള്‍ സ്ഥാപിച്ചതോടെ കാക്കത്തോപ്പ് ഭാഗത്ത് കടലാക്രമണം രൂക്ഷമായിരിക്കയാണ്. ഈ ഭാഗത്ത് തീരദേശറോഡ് ഏതുനിമിഷവും കടലെടുക്കുന്ന അവസ്ഥയുമുണ്ട്.ഇതുകാരണം പുലിമുട്ട് നിര്‍മാണം താത്ക്കാലികമായി നിര്‍ത്തിവച്ച് പാറയടുക്കി റോഡ് ബലപ്പെടുത്ത ജോലികള്‍ തുറമുഖ എന്‍ജിനീയറിംഗ് വകുപ്പ് അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിവരികയാണ്. മറ്റൊരു കരാറുകാരനെ കൊണ്ടാണ് ഇപ്പോള്‍ പാറയടുക്ക് പണി ചെയ്യിക്കുന്നത്.പാറയും കൊണ്ടുവരുന്ന ലോറികള്‍ നിരന്തരം വന്നുപോകുന്ന കാരണം റോഡിന്റെ മെറ്റലിംഗ് പലയിടത്തും ഇളകിക്കഴിഞ്ഞു. മഴക്കാലമായാല്‍ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ പറ്റാത്ത അവസ്ഥവരുമെന്ന് തീരദേശ വാസികള്‍ പറയുന്നു.

കൊല്ലം ബീച്ച് മുതല്‍ മയ്യനാട് മുക്കം വരെയുള്ള ഭാഗത്താണ് റോഡിന് ഏറ്റവും കൂടുതല്‍ തകരാര്‍ സംഭവിച്ചിട്ടുള്ളത്. ഈ മേഖലയിലാണ് കടലാക്രമണവും പലപ്പോഴും രൂക്ഷമാകാരുള്ളത്.മുക്കം കഴിഞ്ഞാല്‍ പരവൂര്‍ നഗരസഭാ പ്രദേശമായി. ഇവിടെ റോഡ് പൂര്‍ണമായും ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമായിട്ടുണ്ട്. കടലും റോഡില്‍ നിന്ന് അല്‍പ്പം അകലെയാണ്. തെരുവ് വിളക്കുകളും സ്ഥാപിച്ചതോടെ ഈ ഭാഗത്ത് യാത്ര സുഗമമാണ്.കടല്‍ക്കാഴ്ചകള്‍ കാണാന്‍ ഈ ഭാഗത്ത് വൈകുന്നേരങ്ങളില്‍ നിരവധി ആള്‍ക്കാര്‍ കുടുംബസമേതം എത്താറുമുണ്ട്. അവധി ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്. കടലും മറുവശത്തും കായലുമുള്ള ഇവിടെ വിനോദ സഞ്ചാരമേഖലയില്‍ അനന്ത സാധ്യതകളാണുള്ളത്.

ഇത് ഫലപ്രദമായി വിനിയോഗിക്കാന്‍ അധികൃതര്‍ക്ക് പദ്ധതികള്‍ ഇല്ലാത്തതാണ് റോഡിന്റെ പ്രധാനശാപം. കൊല്ലം-പരവൂര്‍ തീരദേശറോഡ് കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.പരവൂരിലെത്തിയാല്‍ തീരദേശമേഖലയില്‍ കൂടി തന്നെ വര്‍ക്കലയ്ക്ക് പോകാം. പരവൂര്‍ തെക്കുംഭാഗം മേഖലയും കടലും കായലും സംഗമിക്കുന്നിടമാണ്. മനം കുളിര്‍ക്കുന്ന കാഴ്ചകളും കാണാം.കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, വര്‍ക്കല നിയോജക മണ്ഡലങ്ങളില്‍ ഇപ്പോള്‍ ഇടതുപക്ഷ എംഎല്‍എമാരാണുള്ളത്. ഇവര്‍ സംയുക്തമായി മനസുവച്ചാല്‍ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കൊല്ലം-വര്‍ക്കല തീരദേശ റോഡിനെ സമ്പൂര്‍ണമായി ഗതാഗത യോഗ്യമാക്കാനാകും. ഇതിനുള്ള പദ്ധതികള്‍ അടിയന്തിരമായി ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നാണ് പ്രദേശത്തെ നാട്ടുകാരും യാത്രികരും ജനപ്രതിനിധികളോട് ആവശ്യപ്പെടുന്നത്.

കൊല്ലം-പരവൂര്‍ തീരദേശ റോഡില്‍ നേരത്തെ കെഎസ്ആര്‍ടിസി അടക്കം നിരവധി ബസുകള്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് മുന്നിലും അധികൃതര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്.കൊല്ലം-പരവൂര്‍ തീരദേശ റോഡ് വഴി യാത്രചെയ്താല്‍ സമയവും സാമ്പത്തികവും ലാഭിക്കാം. അരമണിക്കൂര്‍ കൊണ്ട് കൊല്ലത്ത് നിന്ന് പരവൂരിലെത്താം. ദേശീയപാത വഴി വന്നാല്‍ ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറെടുക്കും. യാത്രാക്കൂലിയും പകുതി മതിയാകും. ഏതായും ഈ റോഡിലെ നൂറുകണക്കിന് സ്വകാര്യ വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം ഓരോ ദിവസം കഴിയുമ്പോഴും വര്‍ധിച്ചുവരികയുമാണ്.

Related posts