ഒടുവിൽ കേന്ദ്രസർക്കാർ തനിനിറം കാട്ടി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനാകില്ല. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതിന് രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ല; വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യമാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. സത്യവാങ്മൂലത്തോടു കോടതി അതിരൂക്ഷമായാണ് പ്രതികരിച്ചത്. ചിറ്റമ്മനയം വേണ്ട. കേന്ദ്രത്തിന് അധികാരമില്ലെന്ന് പറയാനാകില്ല. വായ്പ എഴുതിത്തള്ളാൻ മനസുണ്ടോ എന്നതാണ് പ്രശ്നം. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്നുപറയണം. ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് തുറന്നടിച്ചു. ആസാം, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസംകൂടി പണം അനുവദിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്? കേന്ദ്രസർക്കാരിനോട് കോടതിയുടെ ചോദ്യം. ഇതേ ചോദ്യമാണ് ജനങ്ങൾക്കും ചോദിക്കാനുള്ളത്. ആരുടെ കൂടെയാണ് നിങ്ങൾ എന്നൊരു ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. വായ്പകൾ എഴുതിത്തള്ളുമോ എന്ന കോടതിയുടെ ചോദ്യത്തിനു മറുപടി നല്കാൻതന്നെ ഒരു മാസത്തോളമെടുത്തു. വിചിത്രവും അപഹാസ്യവുമായിരുന്നു കാരണം.
ഏതു മന്ത്രാലയമാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്ന കൺഫ്യൂഷനിൽ ആയിരുന്നത്രെ. കൺഫ്യൂഷൻ തീർക്കണമേ എന്നു പാടിപ്പാടി ഒടുവിൽ ദുരന്തബാധിതരുടെ മണ്ടയ്ക്കിട്ടു കൊട്ടുകയും ചെയ്തു.ഒന്നോർക്കുക, കോർപറേറ്റ് വായ്പകൾ എഴുതിത്തള്ളാൻ ഒരു കൺഫ്യൂഷനുമില്ല. നിയമതടസങ്ങളുമില്ല. കൃത്യമായ സമയത്ത്, കൃത്യമായ ഇടത്തുനിന്ന് തീരുമാനം വരും.
അറിയുക, 2014നും 2019നും ഇടയിൽ ഷെഡ്യൂൾഡ്, വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത് 6.35 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ്! ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ അഞ്ചുവർഷത്തിനുള്ളിൽ 1.6 ലക്ഷം കോടി രൂപ എഴുതിത്തള്ളി. ബാങ്കുകൾ തങ്ങളുടെ ബാലൻസ് ഷീറ്റുകളിൽനിന്ന് കിട്ടാക്കടം എഴുതിത്തള്ളുന്നത് (നീക്കം ചെയ്യുന്നത്) അവരുടെ കണക്കുകൾ ശരിയാക്കുന്നതിനും നികുതി കാര്യക്ഷമതയ്ക്കും വേണ്ടിയാണ്.
പിന്നീട്, ആ വായ്പകളിൽനിന്നു തിരിച്ചുപിടിക്കുന്ന തുക ലാഭമായി ചേർക്കുന്നു. “എഴുതിത്തള്ളൽ എന്നാൽ, പൂർണമായും ഒഴിവാക്കുന്നു എന്നല്ല അർഥം. കടമെടുത്തവർക്ക് എഴുതിത്തള്ളലിന്റെ പ്രയോജനം ലഭിക്കുന്നില്ല. ബാങ്കുകൾ ആ വായ്പകൾ തിരിച്ചുപിടിക്കുന്നത് തുടരുന്നു”- ഇതാണ് സർക്കാരിന്റെ സ്ഥിരം അവകാശവാദം.
എന്നാൽ, ഈ വാദം വെള്ളം ചേർക്കാത്ത കള്ളമാണെന്നതാണ് സത്യം. 2014-2019 കാലത്ത് എഴുതിത്തള്ളിയ 6.35 ലക്ഷം കോടിയിൽ വെറും 9.7 ശതമാനം മാത്രമാണ് തിരിച്ചുപിടിച്ചത് എന്നറിയുന്പോൾ സർക്കാർ വാദങ്ങളുടെ പൊള്ളത്തരം പകൽപോലെ വ്യക്തം. എഴുതിത്തള്ളിയതിൽ ഭൂരിഭാഗവും കോർപറേറ്റുകൾക്ക് നല്കിയ വലിയ വായ്പകളാണെന്നുകൂടി അറിയുന്പോൾ ദുഷ്ടലാക്കും വ്യക്തം.
ദുരിതബാധിത മേഖലയിലെ ആകെ വായ്പാ കുടിശിക ഏകദേശം 35.30 കോടി രൂപയാണ്, ഇതിൽ 11 കോടി രൂപയുടെ കാർഷിക വായ്പകളുണ്ട്. ബാക്കി ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, എസ്എച്ച്ജി ലിങ്കേജ് വായ്പകൾ, വാഹന വായ്പകൾ തുടങ്ങിയവയും. മുകളിൽ പറഞ്ഞ സംഖ്യകളുമായി തട്ടിച്ചുനോക്കുന്പോൾ എത്രയോ കുറഞ്ഞ സംഖ്യയാണിത്.
ഇനി ഹൈക്കോടതി ഉന്നയിച്ച കാതലായ ചോദ്യത്തിലേക്കു വരാം. ചെയ്യാൻ മനസുണ്ടോ? കേരളത്തോടെന്താ ചിറ്റമ്മനയം? അതിനു മറുപടി പറയേണ്ടത് ജനങ്ങൾ തെരഞ്ഞെടുത്ത, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഭരണകൂടമാണ്. ദുരന്തബാധിത കുടുംബങ്ങളുടെ വായ്പകള് സംസ്ഥാന സര്ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് ഇതിനകം എഴുതിത്തള്ളിയിട്ടുണ്ട്. ഈ മാതൃക പിന്തുടർന്നുകൂടേ എന്ന് ഹൈക്കോടതിയും ചോദിച്ചിരുന്നു. ഇവിടെയാണ് മനസുണ്ടോ എന്ന ചോദ്യം പെരുമ്പറയടിക്കുന്നത്.
വീടുകളും കൃഷിഭൂമിയും നശിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽനിന്ന് വായ്പയുടെ ഇഎംഐ തിരിച്ചുപിടിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ ശ്രമിച്ചത് തികച്ചും ക്രൂരമായിരുന്നു. ആ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരും മറ്റു രാഷ്ട്രീയ കക്ഷികളും സംഘടനകളുമെല്ലാം വായ്പ ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടത്. സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെ യോഗം വിളിച്ചുചേർത്ത് എല്ലാ ബാങ്കുകൾക്കും മുന്നിൽ ഈ ആവശ്യം മുഖ്യമന്ത്രി ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തു.
സംസ്ഥാനത്തുനിന്ന് ഫണ്ട് ശേഖരിക്കുകയും വലിയ ലാഭം ഉണ്ടാക്കുകയും ചെയ്യുന്ന പൊതുമേഖലാ ബാങ്കുകൾ സാധാരണക്കാരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നു എന്ന ആരോപണം നേരത്തേയുണ്ട്.കേന്ദ്ര നിലപാട് ഹൈക്കോടതിയെ മാത്രമല്ല അസ്വസ്ഥപ്പെടുത്തുന്നത്. ഈ രാജ്യത്ത് ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ആശങ്കയാണത്. ജനങ്ങൾ അങ്ങേയറ്റം ദുരിതമനുഭവിക്കുമ്പോൾപോലും ഭരിക്കുന്നവരുടെ രാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്ന ഭരണകൂടങ്ങൾ ജനാധിപത്യത്തിനു നാണക്കേടാണ്.
ദുരിതബാധിതർക്കെതിരേയുള്ള ജപ്തി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അത്രയും നല്ലത്. ഇനി വേണ്ടത് കേന്ദ്രസർക്കാരിന്റെ നിലപാടു തിരുത്തിക്കാനുള്ള ശ്രമങ്ങളാണ്. സംസ്ഥാനത്തുടനീളം നടന്ന് ‘തള്ളിമറിക്കുന്ന’ കേന്ദ്രമന്ത്രിമാരും ഇതിൽ ഇടപെടണം. വായ്പ എഴുതിത്തള്ളൽ ദുരന്തത്തിനിരയായ നിസഹായരായ മനുഷ്യരുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ഇത് കോടതിക്കു ബോധ്യമുണ്ട്. ആ ബോധ്യമാണ് ‘ഭരണഘടന വായിക്കൂ’ എന്ന പരാമർശത്തിലൂടെ പുറത്തുവന്നത്. ദുരന്തകാലത്തായാലും സമാധാനകാലത്തായാലും അതിജീവനം പോരാട്ടത്തിലൂടെ മാത്രമേ സാധിക്കൂ എന്ന സത്യം നമുക്കു മറക്കാതിരിക്കാം.