തൃശൂര്‍: പുകവലിരഹിത മേഖലയായി പ്രഖ്യാപിച്ച തൃശൂര്‍പൂരം ഉത്സവമേഖലയില്നിന്നും ആരോഗ്യവകുപ്പ് പുകച്ചുപുറത്തുചാടിച്ചത് 137 പേരെ. ഇവരില്‍നിന്നും 22,750 രൂപ പിഴയും ഈടാക്കി. പിഴയൊടുക്കാന്‍ വിസമ്മതിച്ച അഞ്ചുപേര്‍ക്കെതിരേ 2003ലെ സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കൊ പ്രോഡക്ട്സ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. പൂരത്തലേന്നു മുതല്‍ മൂന്നുദിവസങ്ങളിലാണ് ആരോഗ്യവകുപ്പ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.
തേക്കിന്‍കാട് മൈതാനം, സ്വരാജ്റൗണ്ട്, നെഹ്റുപാര്‍ക്ക്, പൂരം പ്രദര്‍ശന നഗരി എന്നിവിടങ്ങളാണ് ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരം എഡിഎം തൃശൂര്‍പൂരം കൊടിയിറങ്ങുംവരെ പുകവലി നിരോധിതമേഖലയായി പ്രഖ്യാപിച്ചത്. ടെക്നിക്കല്‍ അസിസ്റ്റന്റ് ആന്‍ഡ് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ടി.കെ. രാജു ടീം ലീഡറായി പത്തുവീതം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അടങ്ങിയ രണ്ടു സ്ക്വാഡുകളാണു പ്രവര്‍ത്തിച്ചത്. ടീം അംഗങ്ങള്‍ക്കുപുറമേ സ്ക്വാഡില്‍ പോലീസിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. സ്ക്വാഡ് ഇന്നുപിരിച്ചുവിടും.
പൂരനാളുകളില്‍ പുകവലി കുത്തനേകുറഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അടുത്ത ഉത്സവസീസണ്‍ മുതല്‍ ജില്ലയിലെ എല്ലാ ഉത്സവമേഖലകളിലേക്കും നടപടി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. നഗരത്തിലെ പൊതുയിടങ്ങളില്‍ പുകവലി നിയന്ത്രണം കര്‍ശനമാക്കാന്‍ ആലോചിക്കുന്നതായും അധികൃതര്‍ അറിയിച്ചു.