പുത്തനുടുപ്പും ബാഗും അണിഞ്ഞ് സ്കൂളില്‍ പോകാന്‍ ഇനി ആദിയില്ല…

ktm-aadiഗാന്ധിനഗര്‍: പുത്തന്‍ ഉടുപ്പും അണിഞ്ഞ് ബാഗുമേന്തി സ്കൂളില്‍ പോകാന്‍ കാത്തിരുന്ന ആദി എന്ന ആറുവയസുകാരന്‍ വെള്ളത്തില്‍ വീണുമരിച്ചത് ആര്‍പ്പൂക്കര ഗ്രാമത്തെ കണ്ണീരിലാക്കി. വില്ലൂന്നി തൊണ്ണംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന ജിഷാദിന്റെയും ടിന്റുവിന്റെയും മൂത്തമകന്‍ ആദി(അച്ചു) ഇന്നലെ അയ്മനം പുലിക്കുട്ടിശേരിയിലെ അമ്മ വീട്ടില്‍ വച്ചാണ് മീനച്ചിലാറിന്റെ കൈവരിയായ തോട്ടില്‍ വീണു മുങ്ങിമരിച്ചത്.

ഇന്നലെ രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുഞ്ഞിനുവേണ്ടി ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ നാട്ടുകാരനായ ഒരാള്‍ കുഞ്ഞിനെ വെള്ളത്തില്‍നിന്നും എടുക്കുമ്പോള്‍ കുട്ടിക്കു ജീവനുണ്ടായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ആദി പുലിക്കുട്ടിശേരിയിലെ അമ്മയുടെ വീട്ടിലേക്ക് പോയത്.

അടുത്ത മാസം ഒന്നാം ക്ലാസില്‍ പോകാനിരിക്കുകയായിരുന്നു ആദി.ഇതിനായ് വില്ലൂന്നി സെന്റ് ഫിലോമിന സ്കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു.പുത്തന്‍ ഉടുപ്പണിഞ്ഞ് സ്കൂളില്‍ പോകാന്‍ കാത്തിരിക്കുമ്പോളാണ് മരണം ആദിയെ തട്ടിയെടുത്തത്. പുതിയ ബാഗും ആദിക്കായി അമ്മ വാങ്ങിയിരുന്നു. മകന്റെ മരണം താങ്ങാനാകാതെ ജിഷാദും ടിന്റുവും മെഡിക്കല്‍ കോളജ് ആശുപത്രി വരാന്തയില്‍ അലമുറയിട്ടു കരഞ്ഞു. ബന്ധുക്കള്‍ക്കും ആശുപത്രിയില്‍ കണ്ടുനിന്നവര്‍ക്കും ഇവരെ ആശ്വസിപ്പിക്കാനായില്ല. ഇന്നു രാവിലെ ആദിയുടെ സംസ്കാരം നടക്കും.

Related posts