ആയൂര്‍: പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടുദുരന്തത്തില്‍ മരിച്ച മഹേഷിനോടുള്ള ആദരസൂചകമായി ചടയമംഗലത്തെ രണ്ടുക്ഷേത്രങ്ങളിലെ ഉത്സവം മാറ്റിവച്ചു. കുരിയോട് ദേവീക്ഷേത്രത്തിലേയും ചടയമംഗലം മഹാദേവര്‍ ക്ഷേത്രത്തിലേയും ഉത്സവങ്ങളാണ് ക്ഷേത്രഭാരവാഹികളുടേയും ഭക്തജനങ്ങളുടേയും തീരുമാനപ്രകാരം മാറ്റിവച്ചത്. അപകടത്തെ തുടര്‍ന്ന് കാണാതായ ചടയമംഗലം കുന്നുംപുറം ചരുവിള പുത്തന്‍വീട്ടില്‍ മഹേഷി(26)ന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിന്നും മറ്റ് സുഹൃത്തുക്കള്‍ ഏറ്റുവാങ്ങിയത്.
മഹേഷിനൊപ്പം കാണാതായ സമീപവാസികൂടിയായ കുന്നുംപുറം ആശാഭവനില്‍ അനിലി(42)നായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. സംഭവദിവസംതന്നെ ചടയമംഗലം സ്വദേശിയായ ഷാന്‍, കോട്ടുക്കല്‍ സ്വദേശികളായ ബിജു(32), മുഹമ്മദ് ഇല്യാസ്(54) എന്നിവരും മരിച്ചിരുന്നു. ഇതോടെ സംഭവത്തില്‍ മരണമടഞ്ഞ ചടയമംഗലം നിവാസികളുടെ എണ്ണം നാലായി. വര്‍ഷങ്ങളായി പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണുന്നതിനായി പോകുമായിരുന്ന സംഘത്തോടൊപ്പം മൂന്ന് ഓട്ടോറിക്ഷകളിലായി ശനിയാഴ്ച രാത്രിയിലാണ് അനില്‍കുമാറും മഹേഷും യാത്ര തിരിച്ചത്. കമ്പപ്പുരയ്ക്ക് സമീപം നിന്ന് വെടിക്കെട്ട് കാണുകയായിരുന്ന ഇവരില്‍ ഏഴുപേര്‍ തിരികെ കുരിയോട്ടെത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ക്ഷേത്രപരിസരത്ത് അതിദാരുണമായ ദുരന്തമുണ്ടായത്.
ഞായറാഴ്ച രാവിലെയാണ് വെടിക്കെട്ട് ദുരന്തത്തില്‍ നിരവധിപ്പേര്‍ മരിച്ചെന്ന വാര്‍ത്ത കുരിയോട്ട് തിരികെ എത്തിയ സംഘം അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തങ്ങളോടൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റെന്നും രണ്ടുപേരെ കാണാനില്ലെന്നുമുള്ള വാര്‍ത്തയാണ് ഇവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. നെട്ടേത്തറ അശ്വതിഭവനില്‍ ഇരട്ട സഹോദരങ്ങളായ അജിത്ത്(26), അനില്‍(26), പനച്ചവിള ലൈജു ഭവനില്‍ ബൈജു(35) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അജിത്തും അനിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബൈജു കൊല്ലം മെഡിസിറ്റി ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
വെടിക്കെട്ട് കണ്ടുകൊണ്ടിരിക്കെ പുലര്‍ച്ചെ രണ്ടോടെ ഉറക്കം വരുന്നെന്ന് പറഞ്ഞാണ് കുന്നുംപുറം സ്വദേശി അനീഷും മറ്റ് ആറുപേരും ചേര്‍ന്ന് രണ്ട് ഓട്ടോറിക്ഷകളിലായി സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് കുരിയോട്ട് തിരികെയെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ മഹേഷിനും അനില്‍കുമാറിനും വേണ്ടിയുള്ള തെരച്ചിലിലായിരുന്ന ഇവര്‍ക്ക് ഇന്നലെ ഉച്ചയോടെയാണ് മഹേഷിന്റെ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞത്.കുരിയോട് കുന്നുംപുറം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ മഹേഷിന്റെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീട്ടിലെത്തിച്ചു. മഹേഷിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെയാണ് ഇരുക്ഷേത്രങ്ങളിലേയും ഉത്സവങ്ങള്‍ മാറ്റിവച്ചത്.
കാണാതായ അനില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. ഭാര്യ സുഗന്ധയും മകള്‍ ആര്‍ദ്രയുമടങ്ങുന്ന ചെറിയ കുടുംബത്തിന്റെ അത്താണിയായിരുന്നു അനില്‍. മഹേഷിന്റെ മൃതദേഹം തിരിച്ചറിഞ്ഞതോടെ ഏറെ ദുഃഖിതരായ സുഹൃത്തുക്കള്‍ക്ക് അനിലിനായുള്ള അന്വേഷണവും വേദനാജനകമായിരിക്കുകയാണ്. കുരിയോട് ദേവീക്ഷേത്ത്രില്‍ കുന്നുംപുറം നിവാസികളുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം നടക്കേണ്ടിയിരുന്ന എടുപ്പുകുതിരയെടുപ്പിന് അണിനിരക്കേണ്ടവരായിരുന്നു മഹേഷും അനില്‍കുമാറും. ഗള്‍ഫിലായിരുന്ന മഹേഷ് ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. ഗോപാലകൃഷ്ണന്‍-ശ്യാമള ദമ്പതികളുടെ മകനായ മഹേഷ് അവിവാഹിതനാണ്. മൃതദേഹം കാണുന്നതിനായി നിരവധിപേരാണ് ഇന്നലെ വൈകുന്നേരം മഹേഷിന്റെ വീട്ടിലെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.