പൊടിക്കുണ്ട് സ്‌ഫോടനം: യുവതി റിമാന്‍ഡില്‍

KKD-EXPLOTIONകണ്ണൂര്‍: പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ മാര്‍ച്ച് 24ന് രാത്രിയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിക്കുന്ന് ചാലാട് ലയ ഹൗസില്‍ റാഹില (36) യെ കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മേയ് ആറുവരെ റിമാന്‍ഡ് ചെയ്തു. മുഖ്യപ്രതി അനൂപിന്റെ ഭാര്യയെന്നു പറഞ്ഞ് അയാളുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു റാഹില. കണ്ണൂര്‍ ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ പരിയാരം മെഡിക്കല്‍ കോളജില്‍ വച്ചാണ് റാഹിലയെ പിടികൂടിയത്.

വീടിന്റെ വാടകയടക്കം നല്‍കുന്നത് അനൂപാണെങ്കിലും വീട്ടുടമ കയരളത്തെ ജ്യോത്സനയുമായി വാടകക്കരാര്‍ ഉണ്ടാക്കിയത് റാഹിലയാണ്. ഇതാണ് ഇവര്‍ക്കു വിനയായത്. ഏച്ചൂരില്‍ അനൂപിന് ഭാര്യയും രണ്ടുമക്കളുമുണ്ട്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനാണ് ഇയാള്‍ സ്‌നേഹം നടിച്ച് റാഹിലയെ വശത്താക്കി രാജേന്ദ്രനഗര്‍ കോളനിയിലെത്തിച്ചതെന്ന് പറയുന്നു. വീട്ടില്‍ അപകടം ഉണ്ടായാല്‍ രക്ഷപ്പെടുന്നതിനാണ് റാഹിലയുടെ പേരില്‍ അനൂപ് വീട് വാടകയ്‌ക്കെടുത്തതെന്നു പോലീസ് സംശയിക്കുന്നു.
മൂന്നുവര്‍ഷത്തോളമായി അനൂപും റാഹിലയും മകളും ഇവിടെ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. സ്‌ഫോടനത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ച ഇരുനിലവീട് പൂര്‍ണമായും തകര്‍ന്നിരുന്നു.

കൂടാതെ സമീപത്തെ ഏഴു വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍  ഭാഗികമായും തകര്‍ന്നതടക്കം ആകെ 84 വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ തകരാര്‍ സംഭവിച്ചിരുന്നു.   3.22 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന റാഹിലയുടെ മകള്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നു. കുട്ടി ഇപ്പോഴും പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലാണ്.

Related posts