ആലുവ: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലക്കേസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി അമീറുള്‍ ഇസ്ലാം ശ്രമിക്കുന്നതായി സൂചന. കസ്റ്റഡിയിലെടുത്ത ആദ്യദിവസങ്ങളില്‍ നല്കിയ മൊഴികള്‍ മാറ്റി പ്രതി അന്വേഷണസംഘത്തെ സമ്മദര്‍ത്തിലാക്കുകയാണ്. ആലുവ പോലീസ് ക്ലബില്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിട്ടുള്ള പ്രതിയെ ഉന്നതരടക്കം മാരത്തണ്‍ ചോദ്യംചെയ്യല്‍ തുടരുമ്പോഴും കൂസലില്ലാത്ത പ്രതികരണമാണ് ഇയാളില്‍നിന്നും ഉണ്ടാകുന്നത്. പറയുന്നതില്‍ പലതും കള്ളിമൊഴികളാണെന്ന് തിരിച്ചറിഞ്ഞ പോലീസ് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ പ്രതിയുടെ സഹൃത്ത് അസംസ്വദേശിയായ അനാറുള്‍ ഇസ്ലാമിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായിട്ടാണ് വിവരം.
ജിഷ കൊല്ലപ്പെട്ട ദിവസം സുഹൃത്തിന്റെ മുറിയിലെത്തി പ്രതി മദ്യപിച്ചിരുന്നതായി ആദ്യം സമ്മതിച്ചിരുന്നു. ജിഷ തല്ലിയതിന് പകരംവീട്ടാന്‍ തന്റെ കൂടെ നില്‍ക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും ആണാണെങ്കില്‍ ഒറ്റയ്ക്കുപോയി പ്രതികാരം തീര്‍ക്കാന്‍ ഒളിവിലുള്ള അനാര്‍ പറഞ്ഞതായിട്ടായിരുന്നു ആദ്യമൊഴികള്‍. ഇതിനിടയില്‍ ജിഷയുടെ അമ്മ ബൈക്ക് അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് കുറുപ്പംപടി പോലീസ് എടുത്ത കേസില്‍ വാഹനം ഓടിച്ചിരുന്ന ആള്‍ അനാറുള്‍ എന്ന പേരുള്ളയാളായിരുന്നു എന്നത് കേസില്‍ വീണ്ടും വഴിതിരിവായി. എന്നാല്‍, ഇതുരണ്ടും വ്യത്യസ്തയാളുകളാണെന്ന നിഗമനത്തിലാണ് കുറുപ്പംപടി പോലീസ്.
അനാറിനെത്തേടി അസമിലെത്തിയ കേരള പോലീസ് അവിടത്തെ സ്‌റ്റേഷനില്‍ ഇയാളെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഈ ഘട്ടത്തില്‍ ഇയാളില്‍ കൂടുതല്‍ സംശയം തോന്നാതിരുന്നതിനാല്‍ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. എന്നാല്‍ പിന്നീടാണ് ബൈക്ക് അപകടം അടക്കമുള്ള സംഭവങ്ങള്‍ അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അപ്പോഴേയ്ക്കും ഇയാള്‍ അസമില്‍നിന്ന് കടന്നുകളഞ്ഞിരുന്നു. കേരളത്തിലേക്കാണ് മടങ്ങിയതെന്ന് അനാറിന്റെ വീട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ കണ്ടെത്തനായിട്ടില്ല.
ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് സമര്‍പ്പിക്കാനുള്ള തെളിവുകളാണ് പോലീസ് തേടുന്നത്. ഇതില്‍ പ്രധാന തെളിവായ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം സംഭവസമയത്ത് പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആയുധത്തിലും വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിട്ടുള്ള രക്തകോശങ്ങള്‍ പരിശോധിച്ച് കൊല്ലപ്പെട്ട ജിഷയുടേതാണെന്ന് ഉറപ്പുവരുത്തിയാലെ കേസിന് പ്രയോജനമുണ്ടാകൂ. ആയുധവും, വസ്ത്രവും കൃത്യത്തിന് ശേഷം ഒളിപ്പിച്ചതായി പ്രതി നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. കൊലപാതകത്തിന് ശേഷം അസമിലേക്ക് കടന്നുകളഞ്ഞതിനിടെ ഈ തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പോലീസിന് വീണ്ടും തലവേദനയാകും.
അതേസമയം, പ്രതിയെ മൂന്നാംമുറയ്ക്ക് വിധേയമാക്കില്ലെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ശശിധരന്‍ സത്യവാങ്മൂലം നല്കിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. പ്രതിക്ക് ശാരീരികമോ മാനസികമോ ആയ യാതൊരുവിധ പീഠനങ്ങളും ഉണ്ടാകില്ലെന്നും അത്തരത്തില്‍ എന്ത് സംഭവിച്ചാലും ഉദ്യോഗസ്ഥന്‍ ഉത്തരവാദിയായിരിക്കുമെന്ന ഉറപ്പാണ് സത്യവാങ്മൂലത്തില്‍ നല്കിയിരിക്കുന്നത്.
ഇതുമൂലം പ്രതി മൊഴികള്‍ മാറ്റി പറയുന്ന സാഹചര്യത്തില്‍ പോലീസിന് കൂടുതല്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് പ്രതിയില്‍നിന്നും പരമാവധി മൊഴികള്‍ രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിക്കുകയെന്നത് പോലീസിന് ഏറെ ശ്രമകരമായ ദൗത്യമായിരിക്കും.
ഇതിനിടയില്‍ കൊല്ലപ്പെട്ട ജിഷയുടെ മാതാവിനും സഹോദരിക്കുമെതിരെ സോഷ്യല്‍ മീഡിയകളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബൈക്ക് അപകടമടക്കമുള്ള നിര്‍ണായക വിവരങ്ങളെക്കുറിച്ച് അന്വേഷണസംഘത്തിന് നേരത്തെ കൈമാറിയിരുന്നില്ലെന്നുള്ള ആരോപണവും ഇവര്‍ക്കെതിരെ പ്രചരിക്കുന്നുണ്ട്. പ്രതീക്ഷയില്‍ കവിഞ്ഞ സാമ്പത്തികസഹായങ്ങളും സര്‍ക്കാര്‍ ജോലിയും ലഭിച്ചതോടെ കൊല്ലപ്പെട്ട ജിഷയുടെ ആത്മാവിനോട് പൊറുക്കാന്‍ കഴിയാത്ത നീതികേടാണ് ഇരുവരും കാട്ടുന്നതെന്നാണ് കുറ്റപ്പെടുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി മാതാവ് രാജേശ്വരിയും സഹോദരി ദീപയും ആത്മാര്‍ത്ഥമായി സഹകരിക്കുന്നില്ലെന്നും പലതും മറച്ചുവയ്ക്കുന്നതുമായി തുടക്കത്തിലെ ആക്ഷേപം ഉണ്ടായിരുന്നു.