തിരുവനന്തപുരം: നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതി ഉള്ളവരാണെന്നും അവര്‍ ദിവാസ്വപ്നം കാണുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വി.ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
ചാനൽ ഇംപാക്ടിനു വേണ്ടിയാണ് അടിയന്തിര പ്രമേയ നോട്ടീസെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. പ്രളയത്തിൽ നാശനഷ്ടമുണ്ടായ ഒരു കുടുംബത്തേയും ഒഴിവാക്കില്ലെന്നും പുനർനിർമാണത്തിന് മൂന്നു വർഷം വേണ്ടി വരുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കേരള പുനർനിർമാണം കേവലമൊരു സർക്കാർ സംവിധാനമല്ല. വീടുകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഗഡുക്കളായി സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.