ബിഡിജെഎസിന്റെ കുടം നിറയെ വര്‍ഗീയ പാഷാണമെന്ന് കോടിയേരി

ALP-KODIERIമങ്കൊമ്പ്: ബിഡിജെഎസിന്റെ കുടത്തിനുള്ളില്‍ വര്‍ഗീയ പാഷാണമാണന്നും ഇതു ജനങ്ങള്‍ തിരിച്ചറിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം കൈനകരിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മോദിയും 15 കേന്ദ്രമന്ത്രിമാരും കേരളത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. ഓരോ മണ്ഡലത്തിലും പത്തുകോടി രൂപവീതം ബിജെപി ചെലവഴിക്കുകയും ചെയ്യുന്നു. കേരളത്തെ ഗുജറാത്താക്കി മാറ്റാനാണു മോദി ശ്രമിക്കുന്നത്. കോടിക്കണക്കിനു രൂപ ചെലവഴിച്ചു നാലു ഹെലികോപ്റ്ററുകളാണു കേരളത്തിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ ആകാശത്ത് വോട്ടില്ലെന്നും സാധാരണക്കാരന്‍ താഴെയാണുള്ളതെന്നും ഇവര്‍ മറന്നുപോയി. ബിഡിജെഎസ് മത്സരിക്കുന്നത് ജയിക്കാനല്ല മറിച്ചു എല്‍ഡിഎഫ് വോട്ടുകള്‍ പിടിക്കാനാണ്.

താമസിയാതെ കാക്കി ട്രൗസറും ദണ്ഡയുമേന്തി നില്‍ക്കുന്ന വെള്ളാപ്പള്ളിയുടെ ചിത്രം കേരളീയര്‍ക്കു കാണാം. ഈ കൂട്ടുകെട്ട് അവസരവാദപരവും സ്വാര്‍ഥതാത് പര്യത്തിനുവേണ്ടിയുള്ളതുമാണന്നു കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. പല മണ്ഡലങ്ങളിലും പ്രാദേശികമായുള്ള വോട്ടുകച്ചവടം നടക്കാന്‍ പോകുകയാണ്.

സിപിഎമ്മിലെ എല്ലാ നേതാക്കള്‍ക്കെതിരായും നിരവധി കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ അവയൊന്നും അഴിമതി കേസുകളല്ല. വി.എസിനെതിരേ കേസു കൊടുത്ത മുഖ്യമന്ത്രിയുടെ നടപടിയെ വെടിക്കെട്ടുകാരനെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നുവെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ ഡി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ജി. ഉണ്ണികൃഷ്ണന്‍, അഡ്വ. കെ.ആര്‍. ഭഗീരഥന്‍, കെ.കെ. അശോകന്‍, ജോസ് കാവനാട്, ജെയ്‌സപ്പന്‍ മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts