വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അസ്നാസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരുടെ അറസ്റ്റ് വൈകുന്നതില്‍ അതൃപ്തി പടരുന്നു. പെണ്‍കുട്ടികളടക്കം ആറു വിദ്യാര്‍ഥികള്‍ ആഴ്ചകള്‍ റിമാന്റില്‍ കഴിഞ്ഞിട്ടും അധ്യാപകരോട് മൃദുസമീപനം പുലര്‍ത്തുന്നതില്‍ വ്യാപക അമര്‍ഷമുണ്ട്. അസ്നാസിന്റെ ബന്ധുക്കള്‍ തന്നെ ഇക്കാര്യത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 22നായിരുന്നു തോടന്നൂര്‍ തയ്യുളതില് ഹമീദിന്റെ മകള്‍ അസ്നാസ് റാഗിങിനെ തുടര്‍ന്നുണ്ടായ മാനസിക പീഢനം മൂലം ആത്മഹത്യ ചെയ്തത്. എന്നാല്‍ സംഭവത്തില്‍ തെളിവെടുപ്പിനായി വിളിപ്പിച്ച ആറ് വിദ്യാര്‍ഥികളെയാണ് പ്രതിചേര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കു പുറമെ അധ്യാപകര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതാണ്. നടപടി മാത്രം വൈകുന്നു.
അസ്നാസ് ആത്മഹത്യ ചെയ്തതിന് ദിവസങ്ങള്‍ക്ക് മുമ്പ് കോളജിലെ ജൂനിയര്‍ വിദ്യാര്‍ഥിയാണെന്ന് കരുതി സീനിയര്‍ വിദ്യാര്‍ഥിയോടു പേര് ചോദിച്ചതാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിന്റെ തുടക്കം. ഇതു നടന്നയുടന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ അസ്നാസിനോട് കയര്‍ത്തു. കോളജില്‍ റാഗിങ് നിരോധിത സ്ക്വാഡില്‍ ഉള്‍പെടുന്ന അധ്യാപകര്‍ അസ്നാസിനെയും മറ്റു കുട്ടികളെയും വിളിച്ചു വരുത്തി. തെറ്റ് മുഴുവന്‍ അസ്നാസിന്റെ ഭാഗത്താണെന്നും ഇക്കാരണത്താല്‍ അസ്നാസ് മാപ്പ് പറയണമെന്നും അധ്യാപകര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
പരസ്യമായി മാപ്പ് പറയിപ്പിച്ചതിന് പുറമെ; പറഞ്ഞത് കേട്ടില്ലെന്ന് പറഞ്ഞ് വീണ്ടും വീണ്ടും അസ്നാസിനെ കൊണ്ട് അധ്യാപകര്‍ മാപ്പ് പറയിച്ചെന്നും സഹപാഠികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല മാപ്പ് പറഞ്ഞതിന് ശേഷം വിദ്യാര്‍ഥികള്‍ അസ്നാസിനെ കൂകി വിളിച്ച് അപമാനിക്കുകയും ചെയ്തു. ഇതിലുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് എത്തിച്ചത്.
കുട്ടി മരണപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കോളജ് അനിശ്ചിതകാലത്തേക്ക് അടിച്ചിട്ടതിനെ തുടര്‍ന്ന് നാലാം ദിവസമാണ് ആറ് സീനിയര്‍ വിദ്യാര്‍ഥികളെ തെളിവെടുപ്പിനായി വിളിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അസ്നാസിനെ കൊണ്ട് പരസ്യമായ മാപ്പ് പറയിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ സഹപാഠികളും ബന്ധുക്കളും പോലീസിനെ അറിയിച്ചിട്ടും അധ്യാപകര്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നതില്‍ പോലീസ് മടിക്കുന്നു. പോലീസിലെ സ്വാധീനമാണ് ഇതിനു കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
കോളജിലെ സിസിടിവിയിലും സംഭവത്തില്‍ അധ്യാപകരുടെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ഉള്ളതായി വിദ്യാര്‍ഥികള്‍ തന്നെ പറയുന്നു. മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ഈ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നും എങ്കിലും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കഴിഞ്ഞ നാലിനു ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ റൂറല്‍ എസ്പി അറിയിച്ചിരുന്നു. എന്നാല്‍ ഇത്ര ദിവസമായിട്ടും അധ്യാപകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആരോപണ വിധേയരായ അധ്യാപകര്‍ സംഭവത്തിന് ശേഷം ഇതുവരെ കോളജില്‍ എത്തിയിട്ടില്ല.