ലണ്ടന്‍: യൂറോപ്യന്‍ യൂണിയനും യുകെയും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ നടത്താന്‍ പോകുന്ന ജനഹിത പരിശോധന സംബന്ധിച്ച ചര്‍ച്ചകള്‍ പുതിയ തലത്തിലേക്കു കടക്കുന്നു. ബ്രസല്‍സ് ഭീകരാക്രമണമാണ് ചര്‍ച്ചകളുടെ ഗതി മാറ്റാന്‍ കാരണമായത്.
യൂറോപ്യന്‍ യൂണിയനു പുറത്തു പോയാല്‍ യുകെയുടെ സുരക്ഷ കൂടുതല്‍ ശക്തമാകുമോ അതോ ദുര്‍ബലമാകുമോ എന്നതാണ് ഈ വിഷയത്തില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. യൂണിയനു പുറത്തു പോകുന്നതോടെ ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടാനുള്ള സാധ്യത കുറയുമെന്നാണ് ഒരു പ്രധാന വിലയിരുത്തല്‍.
ഈ വര്‍ഷം ജൂണ്‍ 23നാണ് ഹിത പരിശോധന നടത്താന്‍പോകുന്നത്. യൂറോപ്പിലെ അതിര്‍ത്തിരഹിത സമ്പ്രദായമാണ് തീവ്രവാദികളുടെ സൈ്വര വിഹാരത്തിനു സഹായമാകുന്നതെന്നും അതിനാല്‍ യൂണിയനു പുറത്തു പോയാല്‍ യുകെ കൂടുതല്‍ സുരക്ഷിതമാകുമെന്നുമാണ് യുകെഐപി നേതാവ് നിഗല്‍ ഫാരാജിനെപ്പോലുള്ളവര് വാദിക്കുന്നത്.
ബ്രസല്‍സ് ആക്രമണത്തെ അടിസ്ഥാനമാക്കി ഹിത പരിശോധന ചര്‍ച്ചയുടെ വഴി മാറ്റരുതെന്നു മാത്രമാണ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പറയുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍