ബെയ്ജിംഗ്: നൈജീരിയയിൽ സൈനികനടപടി ആരംഭിക്കുമെന്ന അമേരിക്കയുടെ ഭീഷണിക്കെതിരായി ചൈന രംഗത്ത്. മതത്തിന്റെയോ മനുഷ്യാവകാശത്തിന്റെയോ പേരിൽ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഏതെങ്കിലും രാജ്യം ഇടപെടുന്നതിനെ ചൈന എതിർക്കുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.
അമേരിക്കയുടെ അവകാശവാദങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല രാജ്യത്തെ നിലവിലെ സ്ഥിതിയെന്നും ഭീകരതയ്ക്കെതിരേ പോരാടുന്നതിനും മതസൗഹാർദം ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതവും അവകാശങ്ങളും സംരക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നൈജീരിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതായും നിംഗ് ചൂണ്ടിക്കാട്ടി.
തന്ത്രപരമായ പങ്കാളിയെന്ന നിലയിൽ നൈജീരിയയെ ചൈന പിന്തുണയ്ക്കുന്നതായും നിംഗ് പറഞ്ഞു. മയക്കുമരുന്നുണ്ടെന്നാരോപിച്ച് വെനസ്വേലയിലെ ബോട്ടുകൾക്ക് നേർക്ക് അമേരിക്ക നടത്തിയ ആക്രമണത്തെയും നിംഗ് എതിർത്തു.
രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരായുള്ള പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണത്തെ ചൈന പിന്തുണയ്ക്കുന്നു. എന്നാൽ ബലപ്രയോഗങ്ങളെയും ലാറ്റിൻ അമേരിക്കയിലും കരീബിയനിലും സമാധാനവും സ്ഥിരതയും തകർക്കുന്ന നടപടികളെയും എതിർക്കുന്നു- അവർ പറഞ്ഞു.

