മയിലുകള്‍ പെരുകുന്നതും കുറുക്കന്‍ കുറയുന്നതും ആപത്‌സൂചനയെന്നു കാര്‍ഷിക സര്‍വകലാശാല

pkd-mailവടക്കഞ്ചേരി: നാട്ടില്‍ മയിലുകള്‍ പെരുകുന്നതും കുറുക്കന്റെയും കാട്ടുനായ്ക്കളുടെയും എണ്ണം കുറയുന്നതും സമീപഭാവിയില്‍ വരാനിരിക്കുന്ന ആപല്‍സൂചനകളാ ണെന്ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഓര്‍ണിത്തോളജി വിഭാഗം മേധാവിയും ഇന്ത്യയിലെ തന്നെ പ്രശസ്ത സസ്തനി വിഭാഗം ഗവേഷകനുമായ പ്രഫ. ഡോ. മണി ചെല്ലപ്പന്‍. അണക്കപ്പാറ ക്ഷീരസംഘം ഹാളില്‍ കൃഷിയിടങ്ങളില്‍ പന്നി, മയില്‍, കുരങ്ങ് എലി എന്നിവയുടെ ശല്യംകുറയ്ക്കാന്‍ സ്വീകരിക്കേണ്ട കരുതല്‍നടപടികളെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വാഭാവിക വനത്തിന്റെ നാശമാണ് മയിലുകള്‍ പെരുകാന്‍ കാരണമാകുന്നത്.  വനം ഇല്ലാതായി അവിടെയെല്ലാം ഇപ്പോള്‍ പൊന്തക്കാടുകള്‍ വ്യാപകമാകുമ്പോഴാണ് മയിലുകള്‍ പെരുകുക. ഇത്തരം കുറ്റിക്കാടുകളാണ് മയിലുകളുടെ ആവാസകേന്ദ്രങ്ങള്‍. സ്വാഭാവികവനം ഇല്ലാതാകുന്നതിനു പിന്നാലെ വരള്‍ച്ചയുണ്ടാകാനുള്ള മുന്നറിയിപ്പുകളാണ് മയിലുകളുടെ പെരുപ്പത്തില്‍ സൂചന നല്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് മയിലുകളുടെ എണ്ണം കൂടുതലുള്ളത്. കാട്ടുനായ്ക്കളും കുറുക്കനും കുറയുന്നതാണ് കാട്ടുപന്നികള്‍ പെരുകാന്‍ കാരണമാകുന്നത്.

മുമ്പൊക്കെ പന്നിക്കുഞ്ഞുങ്ങളെ കുറക്കാനും കാട്ടുനായ്ക്കളും പിടിച്ചുതിന്നിരുന്നതിനാല്‍ പന്നിശല്യം രൂക്ഷമായിരുന്നില്ല. എല്ലാ ജീവജാലങ്ങളും തുല്യ അളവിലാകുമ്പോഴാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുകയെന്നും ഡോ. മണി ചെല്ലപ്പന്‍ പറഞ്ഞു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി പ്രകാശ്, കൃഷി ഓഫീസര്‍ എം.വി.രശ്മി, കൃഷി അസിസ്റ്റന്റുമാരായ വിവേക്, വിനീത് എന്നിവരും പ്രസംഗിച്ചു.

Related posts