മുഖ്യമന്ത്രി ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്നു: പിണറായി

ktmpinaraivijayanകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷത്തിന്റെ വക്താവായി ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. ഇടതുപക്ഷം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നുവെന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നും കളമശേരിയിലെ തട്ടാംപടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്ത പിണറായി പറഞ്ഞു. ഇടതുപക്ഷം മതനിരപേക്ഷതയുടെ ഉറച്ച പക്ഷത്താണ്. ഉമ്മന്‍ ചാണ്ടി ആരോപിക്കുന്ന ആര്‍എസ്എസ് പ്രീണനം ഇടതുപക്ഷത്തിന്റെ തലയില്‍ ചേരില്ല. ജനങ്ങള്‍ കൈവിടുമെന്ന ഭയം ഉമ്മന്‍ ചാണ്ടിക്കും ആര്‍എസ്എസിനും ഒരുപോലെയുണ്ട്.

അതു മറികടക്കാനാണ് ഇവര്‍ പരസ്പരസഹായം തേടുന്നത്. വി.പി. സിംഗിനെ തള്ളിയിടാന്‍ ആര്‍എസിഎസിന്റെ പിന്തുണ തേടിയവരാണ് കോണ്‍ഗ്രസുകാര്‍. ആര്‍എസ്എസിന് രണ്ടാളെ കൂട്ടാനാണ് ബിഡിജെഎസ് അടക്കമുള്ള പാര്‍ട്ടികളെ കൂട്ടുപിടിച്ചിരിക്കുന്നത്. എന്നാല്‍ സംവരണ ആനുകൂല്യമുള്ളവര്‍ ആര്‍എസ്എസിനോടു ചേരുന്നത് കത്തിക്കു താഴെ കഴുത്തുവയ്ക്കുന്നതിനു തുല്യമാണെന്ന് പിണറായി പറഞ്ഞു.

നാടിന്റെയും നാട്ടുകാരുടെയും പ്രശ്‌നങ്ങള്‍ നോക്കാന്‍ സമയമില്ലാത്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്തെ ഏറെ പിറകോട്ടടിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാരാണ് 2011ല്‍ വീണ്ടും അധികാരത്തില്‍ വന്നതെങ്കില്‍ കൊച്ചി മെട്രോയില്‍ ഇപ്പോള്‍ ട്രെയിന്‍ ഓടി തുടങ്ങുമായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പെരുമ്പാവൂര്‍ ഇവിഎം ഗ്രൗണ്ട്, കുന്നത്തുനാട്ടിലെ പട്ടിമറ്റം, ആലുവ എംജി ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും പിണറായി ഇന്നലെ സംബന്ധിച്ചു.

Related posts