മുഖ്യമന്ത്രി രണ്ടു ദിവസം കണ്ണൂരില്‍; പങ്കെടുക്കുന്നത് പതിനാല് പരിപാടികളില്‍

klm-pinaraiകണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം ജില്ലയിലെയും മണ്ഡലത്തിലെയും വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി രണ്ടുദിവസം ജില്ലയില്‍ തങ്ങും. ഏഴിനും എട്ടിനുമാണ് മുഖ്യമന്ത്രി 14 പരിപാടികളിലായി പങ്കെടുക്കുക. വികസന പ്രവര്‍ത്തന അവലോകനവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രഫ. സി. രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ഈ ദിവസങ്ങളില്‍ ജില്ലയിലുണ്ടാകും.

ഏഴിന് രാവിലെ എട്ടിന് കെഎപി നാലാം ബറ്റാലിയനില്‍ പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. പത്തിന് തലശേരി കാന്‍സര്‍ സെന്ററിലെത്തും. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള ഗവേണിംഗ് ബോഡി യോഗത്തില്‍ അധ്യക്ഷത വഹിക്കും. സാധാരണയായി തലസ്ഥാനത്താണ് ഗവേണിംഗ് ബോഡി യോഗം നടക്കാറ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. മൂന്നിന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവൃത്തി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി എത്തും. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ തുടങ്ങിയവരും ഒപ്പമുണ്ടാകും.

11ന് മാഹി മലയാള കലാഗ്രാമത്തിന്റെ 22-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. പിണറായിയില്‍ രവീന്ദ്രന്‍ കുടുംബസഹായനിധി വൈകുന്നേരം അഞ്ചിന് നടക്കുന്ന പരിപാടിയില്‍ കൈമാറും. ആറിന് ചക്കരക്കല്ലില്‍ സിപിഎം പൊതുയോഗത്തില്‍ പ്രസംഗിക്കും. എട്ടിന് രാവിലെ പത്തിന് പിണറായി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. തലശേരി സെന്റ് ജോസഫ്‌സ് സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമം 11ന് ഉദ്ഘാടനം ചെയ്യും.

ധര്‍മടം മണ്ഡലത്തിലെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മൂന്ന് പരിപാടികളിലാണ് മുഖ്യമന്ത്രി തുടര്‍ന്ന് പങ്കെടുക്കുക. എംഎല്‍എ എന്ന നിലയിലുള്ള തന്റെ ഓഫീസ് 11.30ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയായി സിപിഎം പിണറായി ഏരിയാ സെക്രട്ടറി പി. ബാലനെ നേരത്തെ നാമനിര്‍ദേശം ചെയ്തിരുന്നു. പേഴ്‌സണല്‍ സ്റ്റാഫിലെ ഒരാളും ഈ ഓഫീസില്‍ പ്രവര്‍ത്തിക്കും. മണ്ഡലത്തില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.

12ന് എംഎല്‍എ ഓഫീസിലാണ് യോഗം. പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രണ്ടിനാണ് പരിപാടി. പഞ്ചായത്ത് ഓഫീസിലേക്കാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സ്ഥാപിച്ച സൗരോര്‍ജ പാനലുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും.ഗവ. ബ്രണ്ണന്‍ കോളജിലും പാലയാട് ഡയറ്റിലും നടക്കുന്ന പരിപാടിയിലും പിണറായി പങ്കെടുക്കും. ബ്രണ്ണന്‍ കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ പിണറായി ഉച്ചകഴിഞ്ഞ് മൂന്നിനാണ് കോളജിലെത്തുക. കോളജിന്റെ ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ എ.കെ. ബാലനാണ്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഡിജിറ്റല്‍ കോളജാക്കി ഉയര്‍ത്തി ബ്രണ്ണനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പരിപാടിയില്‍ പ്രഖ്യാപിക്കും. 3.30ന് പാലയാട് ഡയറ്റിന്റെ രജതജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അഞ്ചിന് പെരളശേരിയില്‍ ചേരുന്ന സിപിഎം പൊതുയോഗത്തിലും പ്രസംഗിക്കും.

Related posts