മേജര്‍ രവി തെറ്റിദ്ധരിപ്പിച്ച നടനാണു മോഹന്‍ലാല്‍: ബെന്യാമിന്‍

benകോട്ടയം: സംവിധായകന്‍ മേജര്‍ രവി തെറ്റിദ്ധരിപ്പിച്ച നടനാണു മോഹന്‍ലാലെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. അഴിമതിയെക്കാള്‍ അപകടം വര്‍ഗീയതയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേജര്‍ രവി വ്യാജ ആശയനിര്‍മിതിയുടെ ആളായി മാറിയിരിക്കുകയാണ്. മേജര്‍ രവിയുടെ വാക്ക് കേട്ടു പ്രവര്‍ത്തിക്കുന്ന നടന്‍ മോഹന്‍ലാല്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. അതിനാലാണു മോഹന്‍ലാലില്‍നിന്ന് ഇത്തരം അഭിപ്രായപ്രകടനം ഉണ്ടാകുന്നത്.

രാജ്യത്തെ അതിര്‍ത്തി സംരക്ഷിക്കുന്ന പട്ടാളക്കാര്‍ക്ക് ജനാധിപത്യത്തിനു മുകളിലുള്ള അധികാരം വിട്ടുനല്കരുത്. അധികാരം നല്‍കിയാല്‍ ഭീതിജനകമായ അവസ്ഥയുണ്ടാകും. ഇന്ത്യന്‍പട്ടാളം ശ്രീലങ്കയില്‍ നടത്തിയ ദുഷ്‌ചെയ്തികളുടെ ഫലമാണു മുന്‍പ്രധാനമന്ത്രിയെ രാജ്യത്തിനു നഷ്ടമായത്. നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം ഭരണകൂടത്തിന്റെ പിന്തുണയോടെ രാജ്യത്ത് നടക്കുന്ന വര്‍ഗീയ ധ്രുവീകരണം അപകടകരമാണ്. വര്‍ഗീയധ്രുവീകരണം കുറവുള്ള കേരളത്തില്‍ വര്‍ഗീയചിന്ത വര്‍ധിച്ചിട്ടുണ്ട്.

ഭരണകൂടത്തിന്റെ പിന്തുണയോടെ ഫാസിസം നടപ്പാക്കി ഇന്ത്യയെ അപകടപെടുത്താനുള്ള വ്യാജമതേതരവാദികളുടെ നീക്കത്തെയാണ് എഴുത്തുകാര്‍ ഒന്നടങ്കം പ്രതിഷേധിച്ചത്. ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഏറ്റവും നല്ലമാര്‍ഗമെന്ന നിലയില്‍ കിട്ടിയ പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും തിരികെ നല്‍കുകയും ചെയ്തു. അതിലൂടെ സമൂഹത്തിന്റെ മുന്നിലേക്കു ചിലവിഷയങ്ങള്‍ അവതരിപ്പിക്കാനായി. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യയിലൂടെയും തമിഴ്‌സാഹിത്യകാരന്‍ പെരുമാള്‍മുരുകന്‍ എഴുത്ത് നിര്‍ത്തിയുമാണു വിഷയങ്ങള്‍ സമൂഹത്തിലേക്ക് എത്തിച്ചത്.

അക്ഷരങ്ങളെ എക്കാലവും ഭരണകൂടം ഭയപ്പെട്ടിരുന്നു. ഒരുകാലത്ത് എഴുത്തോ കഴുത്തോയെന്നു ചോദിച്ചാല്‍ എഴുത്തെന്നു മറുപടി നല്‍കി ആര്‍ജവം കാട്ടിയവരും അക്കൂട്ടത്തിലുണ്ട്. നാലാംസ്തംഭമെന്നു വിശേഷിക്കപ്പെട്ട പത്രപ്രവര്‍ത്തനം “ഇടനാഴി’പ്രവര്‍ത്തനമായി മാറിയിട്ടുണ്ട്. മനുഷ്യന്റെ മുഖം മിനുക്കാന്‍ ഉപയോഗിക്കുന്ന ഫോട്ടോഷോപ്പ് സമൂഹത്തെ വികൃതമാക്കാനുളള ഉപാധിയാക്കി മാറ്റി. ദല്‍ഹിയിലെ ന്യൂനപക്ഷമായ പത്രപ്രവര്‍ത്തകര്‍ സൃഷ്ടിച്ച വ്യാജവീഡിയോകള്‍ വര്‍ഗീയത പടര്‍ത്തുന്നതാണ്. ഇതിനെ ചെറുക്കാന്‍ സുതാര്യമായ പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ആശ്വാസമാണ്. മനുഷ്യരെന്ന നിലയില്‍ ഒത്തുചേരാന്‍ കഴിയുന്ന പൊതുഇടങ്ങളുടെ അഭാവമാണ് സമൂഹം നേരിടുന്ന പ്രധാനപ്രശ്‌നമെന്നും ബെന്യാമന്‍ അഭിപ്രായപ്പെട്ടു.

Related posts