മോദിക്കു മുന്നില്‍ വിങ്ങിപ്പൊട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റീസ്; കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതു മൂലം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകയാണെന്നും ജസ്റ്റീസ്

justiesസ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ജോലി ഭാരത്തില്‍ മനംനൊന്തു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ വിങ്ങിപ്പൊട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍. രാജ്യത്തെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതു മൂലം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതു മൂലമുള്ള എല്ലാ ഭാരവും ജുഡീഷറിക്കു മേല്‍ ചുമത്തുകയാണെന്നും ആവശ്യത്തിനു ജഡ്ജിമാരില്ലാത്തതു മൂലമുള്ള അമിത ജോലിഭാരം താങ്ങാനാവുന്നില്ലെന്നു വ്യക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് പലതവണ വിതുമ്പിയത്. സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെയും യോഗത്തിലാണു സംഭവം.

നീതിന്യായ വ്യവസ്ഥയില്‍ സാധാരണക്കാരനുള്ള വിശ്വാസം ഇപ്പോള്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതിനാല്‍ കേസുകള്‍ കുന്നുകൂടി കിടക്കുന്നു. ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതിലുള്ള അധികാരികളുടെ കെടുകാര്യസ്ഥതയാണ് ഇതിനു കാരണം. 40,000 ജഡ്ജിമാരെവേണ്ടിടത്ത് ഇപ്പോള്‍ 21,000 പേരാണുള്ളത്. ഹൈക്കോടതികളില്‍ 434 ജഡ്ജിമാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.

കേസുകളുടെയോ ജയിലില്‍ കിടക്കുന്ന ആളുകളുടെയോ കാര്യത്തില്‍ മാത്രമല്ല രാജ്യത്തിന്റെ വികസനത്തെയും ഇതു ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ അവസരത്തില്‍ താന്‍ കേണപേക്ഷിക്കുന്നത്. എല്ലാ ഭാരവും ജുഡീഷറിക്കുമേല്‍ ചുമത്താന്‍ നിങ്ങള്‍ക്കാവില്ല. തങ്ങളുടെ പ്രകടനം നിങ്ങള്‍ കാണണമെന്നും വിതുമ്പലുകള്‍ക്കിടയില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞു.

മറ്റു രാജ്യങ്ങളിലെ ജഡ്ജിമാരുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അവര്‍ക്കു മുകളിലാണു തങ്ങളുടെ പ്രവര്‍ത്തനമെന്നു കാണാനാകും. വിദേശ രാജ്യങ്ങളിലെ ജഡ്ജിമാര്‍ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അദ്ഭുതം പ്രകടിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ ഒരു ജഡ്ജി ശരാശരി 2600 കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അമേരിക്കയില്‍ ഇതു വെറും 81 മാത്രമാണെന്നും ഠാക്കൂര്‍ ചൂണ്ടിക്കാട്ടി.

പത്തു ലക്ഷം പേര്‍ക്ക് പത്തു ജഡ്ജി എന്നത് 50 ജഡ്ജിയാക്കി വര്‍ധിപ്പിക്കണമെന്നു 1987ലെ നിയമ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഒന്നും നടക്കുന്നില്ലെന്നാണു മനസിലാക്കുന്നത്. കേന്ദ്രം പറയുന്നു, ജഡ്ജിമാരുടെ നിയമനം സംസ്ഥാനങ്ങളുടെ കടമയാണെന്ന്. സംസ്ഥാനങ്ങളാകട്ടെ കേന്ദ്രം ഫണ്ട് അനുവദിക്കട്ടെയെന്നും പറയുന്നു. ഈ വടംവലി തുടരുമ്പോഴും ജഡ്ജിമാരുടെ എണ്ണം നേരത്തേയുള്ളതുപോലെതന്നെ തുടരുന്നു. കെട്ടിക്കിടക്കുന്ന 38 ലക്ഷം കേസുകളുടെ കാര്യവും അങ്ങനെതന്നെ.

അങ്ങനെയുള്ളപ്പോള്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിന്റെ എല്ലാ ഭാരവും ജുഡീഷറിയുടെ മുകളിലേക്കു കയറ്റിവയ്ക്കാന്‍ ശ്രമിക്കരുത്. തങ്ങളുടെ കഴിവിനും പ്രവര്‍ത്തനങ്ങള്‍ക്കും പരിമിതികളുണ്ട്. ജഡ്ജിമാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം.

ജുഡീഷല്‍ സംവിധാനം ഫലപ്രദമല്ലെങ്കില്‍ വിദേശനിക്ഷേപംകൊണ്ടോ, മേക് ഇന്‍ ഇന്ത്യ പദ്ധതികൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികാരാധീനനായി ചീഫ് ജസ്റ്റീസ് നടത്തിയ പ്രസംഗത്തെത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇക്കാര്യം സര്‍ക്കാരും ജുഡീഷറിയും ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കി.

Related posts