ഏഥന്‍സ്: തുര്‍ക്കി വഴിയെത്തിയ അഭയാര്‍ഥികളെ ഗ്രീസ് അവിടേയ്ക്കു തന്നെ തിരിച്ചയച്ചു തുടങ്ങി. യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ച കരാര്‍ അനുസരിച്ചാണിത്.
ഇത്തരത്തില്‍ തിരിച്ചയയ്ക്കപ്പെട്ട ആദ്യ സംഘം തുര്‍ക്കിയില്‍ എത്തിച്ചേരുകയും ചെയ്തു. ഇവരെ അവിടെ തന്നെ പുനരധിവസിപ്പിക്കാനാണു പദ്ധതി. 202 പേരാണ് ആദ്യ സംഘത്തില്‍. ഇവരില്‍ 130 പേര്‍ പാക്കിസ്ഥാനികളും 42 പേര്‍ അഫ്ഗാനിസ്ഥാന്‍കാരും ബാക്കി ഇറാന്‍, ശ്രീലങ്ക, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരുമാണ്.
യൂറോപ്പില്‍ അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ മാര്‍ച്ച് 20നു ചേര്‍ന്ന യോഗത്തില്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തിരുന്നു. ഇതിനുശേഷം ഗ്രീസിലെത്തിയ നാലായിരത്തോളം അഭയാര്‍ഥികളെ തടഞ്ഞു വച്ചിട്ടുണ്ട്. ഇവരെ ഘട്ടംഘട്ടമായി തുര്‍ക്കിയിലേക്കു മടക്കി അയയ്ക്കുമെന്നുമാണു ഗ്രീസ് പറയുന്നത്.
ധാരണയനുസരിച്ച്, തുര്‍ക്കിയിലേക്കു തിരിച്ചയയ്ക്കുന്ന ഓരോ അഭയാര്‍ഥിക്കും പകരം, അര്‍ഹതയുള്ള ഓരോ സിറിയക്കാരനു യൂറോപ്യന്‍ യൂണിയനില്‍ പ്രവേശനം അനുവദിക്കും.
ബാള്‍ക്കന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ മിക്കവാറും അടച്ചുകഴിഞ്ഞു. ഇതോടെ ഏറെ കൊട്ടിഘോഷിച്ചിരുന്ന അഭയാര്‍ഥി അനുകൂല നയത്തിനു മാത്രമല്ല തിരിച്ചടി ലഭിക്കുന്നത്, പിന്നയോ വിശാല യൂറോപ്പെന്ന സങ്കല്‍പ്പത്തിനു പുതുതായി മെനഞ്ഞ മതില്‍ക്കെട്ടുകളാണ്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍