രക്ത ബാങ്കുകളില്‍ ആവശ്യത്തിനു രക്തമില്ല; രോഗികള്‍ ആശങ്കയില്‍

alp-bloodകോട്ടയം: ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി പടരുമ്പോള്‍ ബ്ലഡ് ബാങ്കുകളില്‍ രക്തം ലഭ്യമല്ലെന്നു പരാതി. സ്വന്തമായി ബ്ലഡ് ബാങ്കുകളുള്ള സ്വകാര്യ ആശുപത്രികളില്‍പോലും ആവശ്യത്തിനു രക്തം ലഭ്യമല്ലെന്നു രോഗികള്‍ പറയുന്നു. ഡെങ്കിപ്പനി പിടിപെട്ടു രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞാല്‍ രോഗിക്കു രക്തം ആവശ്യമായിവരും. വിവിധ സംഘടനകളുടെ കീഴിലുള്ള ബ്ലഡ് ബാങ്കുകളെയാണു രക്തത്തിനായി ആശ്രയിക്കുന്നത്.

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പതിനായിരത്തില്‍ താഴെയെത്തിയെങ്കില്‍ മാത്രമേ രോഗിക്ക് രക്തം ആവശ്യമായി വരുകയള്ളൂ. സ്വന്തമായി ബ്ലഡ് ബാങ്കുകള്‍ ഇല്ലാത്ത ആശുപത്രികളാകട്ടെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെയെത്തുമ്പോള്‍ തന്നെ രക്തം കണ്ടെത്താന്‍ രോഗികള്‍ക്കൊപ്പമുളളവരോടു ആവശ്യപ്പെട്ടു തുടങ്ങും. ഇത്തരം അവസ്ഥയില്‍ രോഗിയുടെ അതേ ഗ്രൂപ്പില്‍പെട്ട, കുറഞ്ഞതു അഞ്ച് പേരുടെയെങ്കിലും രക്തം കണ്ടെത്തണം. നിലവിലെ സാഹചര്യത്തില്‍ ജില്ലയുടെ സമീപ പ്രദേശങ്ങളായ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെല്ലാം ഡെങ്കിപ്പനി പടരുകയാണ്. ഇവിടങ്ങളിലുള്ളവരും രക്തത്തിനായി ജില്ലയിലെ വിവിധ സംഘടനകളെയും ആശുപത്രികളെയും സമീപിക്കുന്നുണ്ട്.

ഇതും രക്തത്തിനു ക്ഷാമം നേരിടാന്‍ കാരണമാകുന്നുണ്ട്. കൂടുതലായി കാണാറുള്ള ഒ പോസിറ്റീവ് ഗ്രൂപ്പ് രക്തത്തിനുപോലും ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ബ്ലഡ് ബാങ്കുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വിവിധ കോളജ് വിദ്യാര്‍ഥികള്‍ കൂടുതലായി രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ടെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ പലപ്പോഴും ചിലരെയെങ്കിലും രക്തം നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ളതും 45 കിലോ തൂക്കമുള്ളതുമായ ആളുകള്‍ക്കു മൂന്നുമാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാമെങ്കിലും ചുരുക്കം ചിലര്‍ മാത്രമാണു രക്തദാനത്തിനു സന്നദ്ധത അറിയിച്ചു മുന്നോട്ട് വരുന്നത്.

Related posts