രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

TCR-TOURISTപോള്‍ മാത്യു
തൃശൂര്‍: കേരളത്തിലടക്കം രാജ്യത്തേക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലാണ് വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി രാജ്യത്തേക്ക് എത്തിയതെന്നാണ് കേന്ദ്ര ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.  വിദേശ വിനോദ സഞ്ചാരികള്‍ക്കൊപ്പം രാജ്യത്തിനുള്ളില്‍തന്നെയുള്ള സ്വദേശീയരായ വിനോദ സഞ്ചാരികളുടെയും എണ്ണത്തിലും വര്‍ധന വന്നിട്ടുണ്ട്. 2011ല്‍ രാജ്യത്ത് 73.29 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് രാജ്യത്തെത്തിയത്. 2012 ആയപ്പോഴേക്കും ഇത് 79.36 ലക്ഷമായി ഉയര്‍ന്നു. 2013ല്‍ അത് 85.81 ലക്ഷമായി. 2014ല്‍ രാജ്യത്തേക്ക് 92.33 ലക്ഷം വിദേശികളാണ് എത്തിയതെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്.

വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അംബാസഡറായി മാറിയിട്ടുണ്ടെന്നു കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ അവകാശപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സ്വദേശിയരുടെ എണ്ണത്തിലും വര്‍ധനവാണുണ്ടായിരിക്കുന്നത്. 2011ല്‍ 93.81 ലക്ഷം വിനോദ സഞ്ചാരികളുണ്ടായിരുന്നത് 2012ലെത്തിയപ്പോള്‍ അത് 100.76 ലക്ഷമായി ഉയര്‍ന്നു. 2013ല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 108.76 ലക്ഷമായി. 2014ല്‍ 116.95 ലക്ഷമായി മാറി. രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ ഭൂരിപക്ഷം പേരും കേരളത്തില്‍ വരുന്നുണ്ടെന്നാണ് മറ്റൊരു പ്രത്യേകത.

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ചാല്‍ രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ എല്ലാവരും തന്നെ കേരളത്തിലേക്കും എത്തുമെന്നാണ് കേന്ദ്ര ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനായി കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ കേന്ദ്രം അനുവദിച്ചിട്ടും അതൊന്നും നടപ്പാക്കാതെ പാഴാക്കിക്കളയുകയാണത്രേ. ഇത്തരത്തില്‍ കോടികളുടെ പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ നില്‍ക്കുന്നതിന്റെ കണക്കും കേന്ദ്ര ടൂറിസം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

സംസ്ഥാനത്തിനനുവദിച്ച കോടിക്കണക്കിനു രൂപയുടെ ഒമ്പതു പദ്ധതികളില്‍ ഒന്നുപോലും ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല. കൊച്ചി, മറൈന്‍ഡ്രൈവ്, ഫോര്‍ട്ട്‌കൊച്ചി, ഭൂതത്താന്‍കെട്ട്, കണ്ണൂര്‍, മൂന്നാര്‍, കോവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അനുവദിച്ച പദ്ധതികളില്‍ ആദ്യത്തെ ഗഡു അനുവദിച്ചിട്ടുണ്ടെങ്കിലും പിന്നീട് ഇതുവരെയും അടുത്ത ഘട്ടം ആരംഭിച്ചിട്ടില്ല.

ആദ്യഗഡു പണം അനുവദിച്ചതിന്റെ പണി പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ അടുത്ത ഗഡു പണം അനുവദിക്കൂ. ഇതുവരെയും ഈ ഒമ്പതു പദ്ധതികളുടെയും ആദ്യ ഘട്ടം പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇതുമൂലം ഒമ്പതു പദ്ധതികളും തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. നല്‍കിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ പുതിയ പദ്ധതികള്‍ക്കു തുക അനുവദിച്ചിട്ടുമില്ല.

Related posts