ധാക്ക: ഏകദിന പരമ്പരയില്‍ ബംഗ്ലാദേശില്‍നിന്നേറ്റ പരാജയത്തിന് രോഹിത് ശര്‍മയിലൂടെ ഇന്ത്യയുടെ മധുരപ്രതികാരം. ഏഷ്യാ കപ്പ് ട്വന്റി-20യിലെ ആദ്യ പോരാട്ടത്തില്‍ ബാംഗ്ലാദേശിനെതിരേ ഇന്ത്യക്കു 45 റണ്‍സ് ജയം. ആദ്യം പതറിയ ഇന്ത്യയെ രോഹിത് ശര്‍മ (55 പന്തില്‍ 83), ഹര്‍ദിക് പാണ്ഡ്യ 18 പന്തില്‍ 31) എന്നിവരുടെ ആക്രമണ ബാറ്റിംഗാണ് മികച്ച സ്‌കോര്‍ നല്‍കിയത്. സ്‌കോര്‍: ഇന്ത്യ- 20 ഓവറില്‍ ആറ് വിക്കറ്റിന് 166 റണ്‍സ്, ബംഗ്ലാദേശ്- 20 ഓവറില്‍ ഏഴിന് 121. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.
പരാജയപ്പെട്ടെങ്കിലും ബംഗ്ലാദേശിനെ കരുതിയിരിക്കണമെന്നു പറയുന്നത് വെറുതെയല്ല. അത്രയ്ക്കു മികവാണ് ബംഗ്ലാദേശിന്റെ യുവതാര ബൗളര്‍മാര്‍ പുറത്തെടുത്തത്. ടോസ് വിജയിച്ച ബംഗ്ലാ നായകന്‍ മഷ്‌റഫെ മോര്‍ത്താസ ഇന്ത്യയെ ബാറ്റിംഗിനയച്ചു. തുടക്കത്തിലേ ഇന്ത്യക്കു തിരിച്ചടി നേരിട്ടു. രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വീണു. അല്‍-അമീന്‍ ഹൊസൈന്റെ പന്ത് ധവാനെ (2) കബളിപ്പിച്ചുകൊണ്ട് ബാറ്റിനും പാഡിനും ഇടയിലൂടെ കടന്ന് കുറ്റി തെറിപ്പിച്ചു. അതിനുശേഷം രോഹിതിനൊപ്പം ചേര്‍ന്നത് ഫോമിലുള്ള വിരാട് കോഹ്‌ലി. ഇന്ത്യയുടെ ഉപനായകന്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകള്‍ ഉയര്‍ന്നു. എന്നാല്‍ ഈ കൂട്ടുകെട്ടിന്റെ ആയുസ് 18 റണ്‍സ് വരെയെ നീണ്ടുള്ളു.
കോഹ്‌ലിയെ (8) മോര്‍ത്താസ, മഹമ്മദുള്ളയുടെ കൈകളിലെത്തിച്ചു. ഇവിടംകൊണ്ടു ഇന്ത്യയുടെ തകര്‍ച്ച തീര്‍ന്നില്ല. രോഹിതിനൊപ്പം സുരേഷ് റെയ്‌ന ഇന്ത്യയെ തകര്‍ച്ചയില്‍നിന്നു കരകറ്റുമെന്നു തോന്നിപ്പിച്ചു. അതിനുള്ള സൂചനകള്‍ റെയ്‌ന കാണിച്ചു കൊടുത്തു. രോഹിത് അപ്പോഴും പതുക്കെയായിരുന്നു. രോഹിതും റെയ്‌നയും കരകയറ്റുമെന്ന് ഏവരും കരുതിയപ്പോഴാണ് നായകന്‍ മോര്‍ത്താസ സ്പിന്‍ ബൗളിംഗിനായി മഹമ്മദുള്ളയെ വിളിച്ചത്. ആ വിളി യഥാസമയത്തായിന്നുവെന്ന് അഞ്ചാം പന്തില്‍ തെളിഞ്ഞു.
കയറി അടിക്കാന്‍ ശ്രമിച്ച റെയ്‌ന(13)യ്ക്കു കണക്കുകൂട്ടലുകള്‍ തെറ്റിയപ്പോള്‍ പന്ത് മിഡില്‍ സ്റ്റംപുമായി പോയി. മുന്‍നിര അപ്രതീക്ഷിതമായി നേരത്തെ പൊളിഞ്ഞപ്പോള്‍ യുവ്‌രാജ് സിംഗിനു നേരത്തെ തന്ന ക്രീസില്‍ എത്താനുള്ള അവസരം ലഭിച്ചു. യുവ്‌രാജ്, രോഹിതിന് അവസരം കൊടുത്തു കളിക്കുകയായിരുന്നു.ഇതിനിടെ താസ്കിന്‍ അഹമദിന്റെ പന്തില്‍ രോഹിതിനെ ഷക്കീബ് അല്‍ ഹസന്‍ വിട്ടു കളഞ്ഞു. ഈ രക്ഷപ്പെടല്‍ അടുത്ത മൂന്നു പന്തില്‍ പതിനാലു റണ്‍സ് നേടിയാണ് രോഹിത് ആഘോഷിച്ചത്. രോഹിത് ഇതിനിടെ അര്‍ധസെഞ്ചുറി തികച്ചിരുന്നു.
യുവ്‌രാജ് ട്രാക്കിലെത്തിയെന്നു ആരാധകരെ തോന്നിപ്പിച്ച് ഒന്നു രണ്ടു ഷോട്ടുകള്‍ പായിച്ചു. എന്നാല്‍ അധികം വൈകാതെ യുവിയെ (15) ഷക്കീബിന്റെ പന്തില്‍ ബൗണ്ടറി ലൈന് ഏതാനും വാര അകലെനിന്നു സൗമ്യ സര്‍ക്കാര്‍ പിടികൂടി. നിര്‍ണായകമായ ഈ നാലാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അപ്പോഴും നൂറു കടന്നിരുന്നില്ല. അര്‍ധസെഞ്ചുറി കടന്ന രോഹിതിനൊപ്പം ഹാര്‍ദിക് പാണ്ഡ്യ എത്തിച്ചേര്‍ന്നു.
ഇരുവരും അടിച്ചു തകര്‍ത്തു. 14.5 ഓവറില്‍ 97 റണ്‍സില്‍ ഒരുമിച്ച ഈ സഖ്യം പൊളിഞ്ഞത് 19.2 ഓവറില്‍ 158 റണ്‍സില്‍.
ഇരുവരും 4.3 ഓവറില്‍ അടിച്ചെടുത്തത് 61 റണ്‍സ്. ആദ്യം പുറത്തായത് രോഹിത് (83), അല്‍ അമീന്‍ ഹൊസൈന്റെ പന്തില്‍ സൗമ്യ സര്‍ക്കാരിനു ക്യാച്ച്. 55 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമാണ് ആ ബാറ്റില്‍നിന്നും പാഞ്ഞത്. രോഹിത് പോയതിന് ഒരു പന്തിനുശേഷം പാണ്ഡ്യയയും മടങ്ങി. 18 പന്തില്‍ 31 റണ്‍സായിരുന്ന പാണ്ഡ്യയുടെ സമ്പാദ്യം. ഇതില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെട്ടിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നിലം പതിച്ചു. 44 റണ്‍സ് നേടിയ സാബിര്‍ റഹ്്മാനാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി ആശിഷ് നെഹ്‌റ മൂന്നും ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.