ബെര്‍ലിന്‍: റഷ്യയും സിറിയയും അഭയാര്‍ഥിപ്രവാഹത്തെ യൂറോപ്പിനെതിരായ ആക്രമണോത്സുക ആയുധമായി ഉപയോഗിക്കുകയാണെന്ന് നാറ്റോയുടെ യൂറോപ്പിലെ സീനിയര്‍ കമാന്‍ഡര്‍, യുഎസ് ജനറല്‍ ഫിലിപ് ബ്രീഡ്‌ലവ്.
യൂറോപ്യന്‍ ഭൂഖണ്ഡത്തെ അസ്ഥിരപ്പെടുത്താനും അപ്രസക്തമാക്കാനുമാണ് അഭയാര്‍ഥിപ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളും ശ്രമിച്ചു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്രിമിനലുകളും തീവ്രവാദികളും ഭീകരവാദികളുമെല്ലാം അഭയാര്‍ഥികള്‍ക്കിടയില്‍ ഒളിച്ച് യൂറോപ്പിലേക്കു കടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനുദാഹരണമെന്നോണം, അഭയാര്‍ഥികളെ ആവശ്യമെങ്കില്‍ സ്വയം കൊണ്ടു പൊയ്‌ക്കൊള്ളാനാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് ഓസ്ട്രിയയും ബാള്‍ക്കന്‍ രാജ്യങ്ങളും മാസിഡോണിയയും കര്‍ക്കശ നിയന്ത്രണം തുടരുകയാണ്.
അയല്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഗ്രീസില്‍ ഒരു ലക്ഷത്തോളം അഭയാര്‍ഥികള്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നു. രാജ്യത്തെ സ്ഥിതി സ്‌ഫോടനാത്മകം എന്നാണ് വിലയിരുത്തല്‍.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍