ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ലൂമിയ 650 ഡ്യുവല്‍ സിം ഇന്ത്യന്‍ വിപണിയിലെത്തി. ഏറ്റവും പുതിയ പ്ലാറ്റ്ഫോമായ വിന്‍ഡോസ് 10 ആണ് ലൂമിയ 650ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ലൂമിയ ശ്രേണിയിലെ അവസാന സ്മാര്‍ട്ട്ഫോണായിരിക്കും ഇതെന്നു മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 2017ല്‍ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന സര്‍ഫസ് ഫോണിലാണ് മൈക്രോസോഫ്റ്റ് ഇനി ശ്രദ്ധകേന്ദ്രീകരിക്കുക. വിന്‍ഡോസ് 10ലായിരിക്കും സര്‍ഫസ് ഫോണുകള്‍ പുറത്തിറങ്ങുക. ബജറ്റ് ഫോണുകളില്‍നിന്ന് വലിയ ഫോണുകളിലേക്ക് മാറി പ്രവര്‍ത്തിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനമെന്നാണ് വിലയിരുത്തല്‍.
കറുപ്പ്, വെള്ള നിറങ്ങളില്‍ പുറത്തിറങ്ങുന്ന ലൂമിയ 650നു വില 15,299 രൂപയാണ്.
അഞ്ചിഞ്ച് ഡിസ്പ്ലേ, 1 ജിബി റാം, ഇന്റേണല്‍ മെമ്മറി 16 ജിബി, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 200 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്സ്റ്റേണല്‍ മെമ്മറി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. ഫഌഷോടുകൂടിയ എട്ട് എംപി പിന് കാമറയും അഞ്ച് എംപി മുന്‍ കാമറയും മികച്ച കാമറാനുഭവം നല്‍കുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 4ജി എല്‍ടിഇ, 3ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണിന് 2,000 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.