വനംവകുപ്പിന്റെ കാട്ടുനീതി..! 28 വര്‍ഷമായി കാടുകാക്കുന്ന ജ്യോതിഷ്കുമാറിന് ജോലി നിഷേധിച്ച് അധികൃതര്‍

tvm-jothishതിരുവനന്തപുരം: കാട് സംരക്ഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ജ്യോതിഷ്കുമാറിനോട് കരുണ കാട്ടാതെ വനംവകുപ്പ് അധികൃതരുടെ കാടന്‍ സമീപനം. വിതുര മരുതമല സ്വദേശി ജ്യോതിഷ്കുമാര്‍ 28 വര്‍ഷമായി ഭൂരിഭാഗം സമയവും കാട്ടില്‍ തന്നെയാണ്. വന്യമൃഗങ്ങളില്‍ നിന്നും കാട്ടുതീയില്‍ നിന്നും കാടിനെ സംരക്ഷിച്ചും പോറ്റിവളര്‍ത്തിയും വനത്തില്‍ തന്നെ കഴിഞ്ഞുകൂടിയ ഈ യുവാവിന് അര്‍ഹതപ്പെട്ട തൊഴില്‍ നിഷേധിക്കുകയാണ് അധികൃതര്‍.

1987 മുതല്‍ വനം വകുപ്പിനു കീഴിലുള്ള സോഷ്യല്‍ ഫോറസ്ട്രിയില്‍ പ്ലാന്റേഷന്‍ വാച്ചറായും ഫയര്‍ വാച്ച്മാനായും ജോലി ചെയ്തുവരികയാണ് ജ്യോതിഷ്. എന്നാല്‍ 20 വര്‍ഷം വകുപ്പില്‍ ജോലി ചെയ്ത ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താന്‍ വനം വകുപ്പ് തീരുമാനമെടുത്തപ്പോള്‍, കഴിഞ്ഞ 29 വര്‍ഷമായി കാടുകാക്കുന്ന ഈ ചെറുപ്പക്കാരന്‍ സ്ഥിരപ്പെടുത്തിയവരുടെ പട്ടികയിലില്ല. സ്ഥിരം ജോലിയെന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ജ്യോതിഷ് കുമാറിന് മനുഷ്യാവകാശ കമ്മീഷനു മുന്നിലെത്തേണ്ട ഗതികേടാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.

വനം-വന്യജീവി വകുപ്പ് കഴിഞ്ഞ വര്‍ഷം മെയ് 14 പുറത്തിറക്കിയ ഉത്തരവില്‍ സമാന തസ്തികയില്‍ 20 വര്‍ഷം ജോലി ചെയ്ത ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തണമെന്നു നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ ഈ യോഗ്യതാമാനദണ്ഡങ്ങളെല്ലാമുള്ള ജ്യോതിഷ്കുമാറിനെ സ്ഥിരപ്പെടുത്തുന്നതിനായി അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.  ഇതേ തുടര്‍ന്നാണ് അദേഹത്തിന് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കേണ്ടി വന്നത്. സ്ഥിര ജോലി ലഭിക്കാനാവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും ഇദ്ദേഹം അധികൃതര്‍ക്കു മുമ്പില്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ ഇതൊന്നും കണക്കിലെടുത്ത് അദ്ദേഹത്തെ പരിഗണിക്കാന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് തയാറാകുന്നില്ല. എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും, സമാന തസ്തികയില്‍ ജോലി ചെയ്തിരുന്ന പലരെയും സ്ഥിരപ്പെടുത്തിയിട്ടും തന്നെ മാത്രം പരിഗണിക്കാത്തത് മനുഷ്യത്വവിരുദ്ധമാണെന്നും ജ്യോതിഷ് പറയുന്നു.   ഇനി മനുഷ്യാവകാശ കമ്മീഷനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ. അതിലാണ് തന്റെ പ്രതീക്ഷയെന്നും കാടിനെ സ്‌നേഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ പറയുന്നു.

Related posts