വിട സ്വപ്നം ബാക്കിവച്ച്… സ്കൂട്ടറില്‍ ഷാള്‍ ചുറ്റി വീണു മരിച്ച അജിത നാടിനും കുടുംബത്തിനും തീരാവേദനയായി

tvm-scooter-lചവറ: പുതുവത്സരദിനത്തില്‍ വാഹനാപകടത്തില്‍ മരിച്ച അജിതയുടെ വിയോഗം മാര്‍ഷല്‍ ആര്‍ട്‌സ് മേഖലയ്ക്ക് തീരാനഷ്ടമായി. അതുപോലെ സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കി വെച്ചാണ് അജിത ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്. ചവറ കെഎം എം എല്ലില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ പത്തര വര്‍ഷമായി ഭര്‍ത്താവ് രമേശും മക്കളായ അര്‍ച്ചനയ്ക്കും അമൃതയ്ക്കും ഒപ്പം പന്മനയില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. എന്നാല്‍ കുറച്ച് നാള്‍ക്ക് മുമ്പ് വെളുത്ത മണലില്‍ ഉണ്ടായിരുന്ന വസ്തുവില്‍ ലോണ്‍ എടുത്ത് വീട് നിര്‍മ്മാണം നടന്നു വരികയായിരുന്നു. ആഗ്രഹിച്ചതു പോലെ സ്വന്തമായ വീട്ടില്‍ പ്രവേശിക്കാന്‍ കഴിയാതെ സ്വപ്നം ബാക്കിവെച്ച് അജിത വിടവാങ്ങുകയായിരുന്നു.

മക്കള്‍ക്ക് പ്രതിരോധത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ സ്‌നേഹ നിധിയായ അമ്മ ഇനിയില്ല. അപകടത്തില്‍പ്പെട്ട് ഇരട്ടകളായ മക്കളെ തനിച്ചാക്കിയാണ് കെഎംഎംഎല്‍ ജീവനക്കാരിയും കരാട്ടെ പരിശീലകയുമായ അജിത മരണപ്പെട്ടത്. അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തിലൂടെ ഉണ്ടായ സി.കെ. അജിതയുടെ വേര്‍പാട് മാര്‍ഷല്‍ ആര്‍ട്‌സ് കായിക മേഖലയ്ക്ക് നികത്താനാകാത്ത വിടവായി.

കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ അജിത എന്ന 37 വയസുകാരി ജന്‍മംകൊണ്ട് ഇടുക്കിക്കാരിയാണെങ്കിലും വിവാഹാനന്തരം റാന്നിയിലെ ഭര്‍ത്തൃ വീട്ടില്‍ നിന്നും ചവറ പന്മനയിലെത്തുകയായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ടവളായിരുന്നു അജിത. കെഎംഎംഎല്ലിലെ ഉത്തരവാദിത്തപ്പെട്ട ജോലിയ്ക്കിടയിലും മുടങ്ങാതെ പരിശീലനവും ക്ലാസുമായി സജീവമായിരുന്നു. കരുനാഗപ്പള്ളി വൈഎംസിഎ , ചവറ വികാസ്, എസ്ജികെ എന്നിവിടങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് കരാട്ടെ അഭ്യാസത്തിന്റെ അറിവുകള്‍ ഇവര്‍ പകര്‍ന്ന് നല്‍കിയത്. തേവലക്കരയിലെ സ്വകാര്യ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മക്കളായ അര്‍ച്ചനയും, അമൃതയും അമ്മയില്‍ നിന്നും കരാട്ടേയുടെ പാഠങ്ങള്‍ പരിശീലിച്ചു വരികയായിരുന്നു.

സ്ത്രീകള്‍ മടിച്ചു നില്‍ക്കുന്ന മേഖലയായിട്ടും തന്റേടത്തോടെ പ്രതിരോധത്തിന്റെ അടവുകള്‍ പഠിക്കാന്‍ മുന്നോട്ട് വന്ന അജിത നിരവധി തവണയാണ് സംസ്ഥാന ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുള്ളത്. സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ജേതാവായ അജിത നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ റഫറിയായും ജഡ്ജായും കഴിവ് തെളിയിച്ചിരുന്നു. ചവറ ഷിട്ടോറിയോ കരാട്ടെ സ്കൂളിന് കീഴില്‍ അജിത പരിശീലകയായതോടെ നിരവധി പെണ്‍കുട്ടികളാണ് പഠിതാക്കളായത്. ഇടുക്കി കുളമാവിലെ പഠിച്ച സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ മക്കളുമായി പോകവേയാണ് പുതുവത്സരദിനത്തില്‍ വീടിന് നാനൂറ് മീറ്റര്‍ അകലെ ദാരുണ അപകടമുണ്ടാകുന്നത്.

ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള്‍ സ്കൂട്ടറിന്റെ പിന്‍ചക്രത്തില്‍ കുരുങ്ങി നിയന്ത്രണം വിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ തെറിച്ച് വീണു പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ശിഷ്യര്‍ കൂടിയായ പ്രിയപ്പെട്ട മക്കളെ തനിച്ചാക്കി അജിത പരിശീലനമില്ലാത്ത ലോകത്തേക്ക് യാത്രയായി. പുതുവത്സരദിനത്തിലുണ്ടായ അജിതയുടെ വിയോഗം കെഎംഎംഎല്ലിലെ ജീവനക്കാരെയും അജിതയുടെ ജന്മനാട്, ഭര്‍ത്താവിന്റെ നാട്, പന്മന എന്നീ ഗ്രാമങ്ങളെയും ദുഃഖത്തിലാഴ്ത്തി.

Related posts