കൊല്ലം: അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ പ്രധാന മരണ കാരണങ്ങളിലൊന്നായ വയറിളക്കത്തിനെതിരായ തീവ്രനിയന്ത്രണ പക്ഷാചരണത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. 23 വരെ നീണ്ടു നില്ക്കും. വയറിളക്ക രോഗത്തിന് പരിഹാരമായ ഒ.ആര്.എസിന്റെയും സിങ്കിന്റെയും ഉപയോഗത്തെക്കുറിച്ച് ജനങ്ങളെ പരമാവധി ബോധവാന്മാരാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഈ ദിവസങ്ങളില്‍ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ വീടുകളില്‍ ഒ.ആര്.എസ് ലായനി നല്‍കുകയും അതിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവത്കരിക്കുകയുംചെയ്യും. അനാഥാലയങ്ങള്‍, ട്രൈബല്‍ മേഖലകള്‍, തീരമേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഇതിന് ആശാ വര്‍ക്കര്‍മാരുടെയും ആരോഗ്യ പ്രര്ത്തകരുടെയും സേവനമുണ്ടാകും. സ്കൂളുകളില്‍ സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാര്‍ കൈ കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കും.
ഗൃഹസന്ദര്‍ശനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഒ.ആര്.എസ് ലായനി കഴിക്കേണ്ട അളവിനെക്കുറിച്ച് ബോധവത്കരിക്കും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പെട്ടെന്നുള്ള ആവശ്യത്തിനായി ഒ.ആര്.എസ് ലായനി നല്‍കുന്നതിനുള്ള ഒ.ആര്.എസ് കോര്‍ണര്‍ തുടരും.