വടകര: വയറിളക്കം മൂലം താഴെഅങ്ങാടിയില് യുവാവ് മരിച്ച സംഭവത്തില്‍ ജനങ്ങളിലുണ്ടായ ഭീതി അകറ്റാനും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും അധികൃതര്‍ രംഗത്ത്. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറടങ്ങുന്ന സംഘം മരണപ്പെട്ടയാളുടെ വീടും പരിസരപ്രദേശവും സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് വയറിളക്കത്തെ തുടര്‍ന്ന് സര്ജാസെന്ന യുവാവ് മരണപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ മാരകമായ ഷോണി സിഗല്ലയെന്ന ബാക്ടീരിയ ഉണ്ടായിരുന്നോയെന്ന കാര്യം വ്യക്തമായിട്ടില്ല. വടകരയിലും പരിസര പ്രദേശങ്ങളിലും വയറിളക്കവും പകര്‍ച്ചപനിയും വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ രംഗത്തെത്തിയത്.
വടകര ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തിയ സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തിന് ഒരു കുറവുമില്ല. മിക്ക ദിവസങ്ങളിലും പകര്‍ച്ചപനിയും വയറിളക്കവും ബാധിച്ച് നിരവധി പേര് ഇവിടെ ചികിത്സ തേടുന്നു. ആയിരത്തഞ്ഞൂറിലേറെ പേരെങ്കിലും ദിവസവും ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നതായാണ് കണക്ക്. തീര-മലയോര വ്യത്യാസമില്ലാതെ രോഗികള്‍ ഇവിടെ അഭയം തേടുകയാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വേണം ഇത്തരം രോഗം അകറ്റാനെന്ന നിലപാടാണ് അധികൃതരുടേത്. രോഗം വന്നാല്‍ അടിയന്തര ചികിത്സയും ഒപ്പം ഇത് പടരാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനവും എന്ന് ആരോഗ്യ വകുപ്പ് ഓര്‍മിപ്പിക്കുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും തങ്ങളുടെ ഭാഗത്ത് നിന്ന് ലഭ്യമാവുമെന്നു ജില്ലാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.അശോകന്റെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊയിലാണ്ടിവളപ്പിലെ മരണപ്പെട്ട യുവാവിന്റെ വീട്ടു പരിസരത്ത് സമഗ്രമായ പരിശോധന നടത്തി. ഹോട്ടലുകളിലും കടകളിലും സംഘം ശുചിത്വം ഉറപ്പുവരുത്തി. കിണറുകളില്‍ ക്ലോറിനേഷന് ചെയ്യാന്‍ തീരുമാനിച്ചു.
കടകളിലെ പരിശോധനകളില്‍ രോഗം പരത്തുന്ന സാഹചര്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് തുടര്‍ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തുവാനും തീരുമാനിച്ചതായി നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. രണ്ട് സംഘങ്ങളായി നടത്തിയ പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷജില്‍കുമാര്‍, മധുസൂദനന്, ഹെല്‍ത്ത് സുപ്രവൈസര്‍ ബേബി എന്നിവര്‍ നേതൃത്വം നല്കി.