വായ്പാ തിരിച്ചടവില്‍ പാവപ്പെട്ട സ്ത്രീകളില്‍നിന്ന് ഈടാക്കുന്നത് 18 ശതമാനം പലിശ’ ഈഴവരില്‍ നിന്നും വെള്ളാപ്പള്ളി അടിച്ചുമാറ്റിയത് കോടികള്‍: വി.എസ്

vsപാലക്കാട്: മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെതിരെ താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വിധിവരുമ്പോള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുള്ള വഴി തുറന്നുകിട്ടുമെന്നു പ്രതിപക്ഷനേതാവ് വിഎസ്.അച്യുതാനന്ദന്‍.  മലമ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൈക്രോ ഫിനാന്‍സിലൂടെ ലക്ഷക്കണക്കിനു പാവപ്പെട്ട ഈഴവരുടെ കൈയില്‍നിന്നും കോടികളാണ് വെള്ളാപ്പള്ളി നടേശന്‍ അടിച്ചുമാറ്റിയത്. സംസ്ഥാന പിന്നോക്ക സമുദായ കോര്‍പ്പറേഷനില്‍നിന്ന് 15 കോടിയും വിവിധ ദേശസാല്‍കൃത ബാങ്കുകളില്‍നിന്നായി 5000 കോടിയോളം രൂപ രണ്ടുശതമാനം പലിശനിരക്കിലും ഇദ്ദേഹം വായ്പയെടുത്തിട്ടുണ്ട്. വായ്പാ തിരിച്ചടവില്‍ പാവപ്പെട്ട സ്ത്രീകളില്‍നിന്ന് ഈടാക്കുന്നത് 18 ശതമാനം പലിശയാണ്. നിയമാനുസൃതം അഞ്ചു ശതമാനമെന്നിരിക്കെ അധികമായി ഈടാക്കുന്ന 13 ശതമാനം പലിശയും സ്വന്തം പോക്കറ്റിലാക്കുകയാണ് ഇദ്ദേഹം.

ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ കുരുതികൊടുത്ത് ബിജെപിയുമായി കൂട്ടുകൂടിയത് ഇതില്‍നിന്നു രക്ഷപ്പെടാനാണ്. ആരോപണങ്ങള്‍ കൂടുതല്‍ ചര്‍ച്ചചെയ്യാതിരിക്കാനാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ മകനെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും വിഎസ് ആരോപിച്ചു.  അത്യന്തം നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണം എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

Related posts