വാഹനങ്ങള്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്നു; ഗതാഗതതടസം പതിവ്

pkd-blockചിറ്റൂര്‍: തത്തമംഗലം ടൗണില്‍ വാഹനങ്ങള്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതതടസം പതിവായി. പെട്രോള്‍ പമ്പുമുതല്‍ ബസ്സ്റ്റാന്‍ഡ് വരെ റോഡിനു വീതികുറവാണ്. റോഡിന്റെ ഇരുവശത്തുമുള്ള അഴുക്കുചാലുകള്‍ സ്ലാബിട്ടു മൂടാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത് അപകടമുനമ്പിലാണ്.വിവിധ ആവശ്യങ്ങള്‍ക്കായി വ്യാപാര സ്ഥാപനങ്ങളില്‍ കാറിലും ഓട്ടോയിലുമെത്തുന്നവരാണ് റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. അനധികൃത വാഹന പാര്‍ക്കിംഗ് വാഹനാപകടങ്ങള്‍ക്കും കാരണമാകുകയാണ്.

റോഡിന്റെ വീതികുറവുമൂലം ചരക്കുലോറി റോഡുവക്കത്തെ മൂന്നു വ്യാപാരസ്ഥാപനങ്ങളില്‍ ഇടിച്ചുകയറി വ്യാപക നഷ്ടമുണ്ടാക്കി. അപകടം രാത്രിസമയമായതിനാല്‍ ആളപായം ഒഴിവായി. ടൗണില്‍ വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലേക്ക് ഇറങ്ങിയ  ഉടമ ഇരുചക്രവാഹനം  ഇടിച്ച് മരിച്ചിരുന്നു. വാഹനങ്ങള്‍ റോഡില്‍ അനധികൃതമായി പാര്‍ക്കിംഗ് നടത്തുന്നതു പിടികൂടി പിഴചുമത്തണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

ഇക്കഴിഞ്ഞദിവസം ചിറ്റൂര്‍-തത്തമംഗലം നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ അനധികൃത പാര്‍ക്കിംഗ് മൂലം ഗതാഗത തടസമുണ്ടാവുന്നതിനാല്‍ പോലീസ് നടപടിവേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. പെട്രോള്‍ പമ്പ് മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ റോഡിന് ഇരുവശത്തും പാര്‍ക്കിംഗ് നിരോധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നതും ജനകീയാവശ്യമാണ്.

Related posts