വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അസ്നാസിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കോളേജില്‍ ചേര്‍ന്ന രക്ഷാകര്‍തൃസമിതി ആവശ്യപ്പെട്ടു. ഈ കേസില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ജയിലില്‍ ആയതിനു പിന്നിലുണ്ടായ കാര്യങ്ങളില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്.
അധ്യാപകരുടെയും പോലീസിന്റെയും ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണം. അനിശ്ചിതമായി കോളജ് അടച്ചിട്ടതിലൂടെ ആയിരത്തിലേറെ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലായിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സി.എം.അബ്ദുറഹ്മാന്, വി.ഫൈസല്‍, വി.കെ.ബാബു, എം.കെ.അബ്ദുള്‍ഖാദര്‍, വി.പി.ഹംസ, മല്ലക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥിനിയുടെ ദൗര്‍ഭാഗ്യകരമായ മരണത്തെ തുടര്‍ന്ന് എംഎച്ച്ഇഎസ് കോളജ് അടച്ചിട്ടതിനെ തുടര്‍ന്ന് ആയിരത്തിലധകം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് സ്കൂളിലെ അധ്യാപകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇതിന് പരിഹാരം കാണാനും കോളജ് എത്രയും പെട്ടെന്ന് തുറന്നു പ്രവര്‍ത്തിക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കണമെന്ന് അധ്യാപകരുടെ യോഗം ആവശ്യപ്പെട്ടു. ശശി തടത്തില്‍, പി.പി അബൂബക്കര്‍, സി.പി സബീര്‍, പി.എം സുരേഷ് സംസാരിച്ചു.